ഇസ്രയേല്‍ ഹമാസ് യുദ്ധം, ജോര്‍ദാൻ രാജാവുമായി നരേന്ദ്രമോദി ചര്‍ച്ച നടത്തി
ന്യൂഡല്‍ഹി : ഇസ്രയേല്‍ – ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ജോര്‍ദാൻ രാജാവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ച നടത്തി.
പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയതായി നരേന്ദ്രമോദി അറിയിച്ചു. ഭീകരതയിലും അക്രമത്തിലുംസാധാരണക്കാര്‍ മരിച്ചുവീഴുന്നതിലും ഇരുവരും ആശങ്ക പങ്കുവച്ചു. മാനുഷിക വിഷയങ്ങള്‍ പരിഹരിക്കുന്നതിനും സുരക്ഷ ഉറപ്പാക്കാനും സംയുക്ത നടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്തതായി മോദി എക്സില്‍ കുറിച്ചു.
അതേ സമയം ഗാസയില്‍ കടന്നതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു. നേരത്തെ ഹമാസും ഇക്കാര്യം അറിയിച്ചിരുന്നു. ടാങ്കുകളും കാലാള്‍പ്പടയുമായി ഭീകരരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടത്തിയത്. ഹമാസ് ബന്ദികളാക്കിയ ഇസ്രയേല്‍ പൗരൻമാരെ കണ്ടെത്തുക എന്ന ദൗത്യവും സൈനിക നീക്കത്തിന് പിന്നിലുണ്ടെന്ന് ഇസ്രയേല്‍ അറിയിച്ചു. 24 മണിക്കൂറിനിടെ ഹമാസിന്റെ 20 കേന്ദ്രങ്ങളിലേക്കാണ് ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയത്.