ന്യൂ ഡെൽഹി: പ്രധാൻമന്ത്രി ഗതിശക്തി പദ്ധതിയുടെ ദേശീയ മാസ്റ്റർ പ്ലാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കും. 2024-25 ഓടെ ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തുകയും കണക്ടിവിറ്റി ലക്ഷ്യങ്ങൾ നേടുകയും ചെയ്യുന്നതിലൂടെ മൂന്നാംവട്ടവും പ്രധാനമന്ത്രി പദത്തിലേക്കുള്ള ചുവടുവെപ്പാണ് മോദി നടത്തുന്നത്.
രണ്ടു ലക്ഷം കിലോമീറ്റർ ദേശീയ പാതകളുടെ ശൃംഖല, 16 ദശലക്ഷം ടൺ ചരക്കുകൾ കൈകാര്യം ചെയ്യുന്ന ട്രെയിനുകൾ, ഗ്യാസ് പൈപ്പ്ലൈൻ ശൃംഖല ഇരട്ടിപ്പിച്ച് 35000 കിലോമീറ്റർ ആക്കുക, 220 വിമാനത്താവളങ്ങൾ, എയർസ്ട്രിപ്പുകൾ, എയറോഡ്രോമുകൾ, 11 വ്യാവസായിക ഇടനാഴികൾ ഉൾപ്പെടെ വ്യവസായങ്ങൾക്കായി 25000 ഏക്കർ പ്രദേശം, പ്രതിരോധ മേഖലയിൽ ഉത്പാദനത്തിലൂടെ 1.7 ലക്ഷം കോടി രൂപ വിറ്റുവരവ് കൈവരിക്കുക, 38 ഇലക്ട്രോണിക്സ് നിർമാണ ക്ലസ്റ്ററുകൾ, 109 ഫാർമ ക്ലസ്റ്ററുകൾ തുടങ്ങിയവയാണ് 2024-25 ഓടെ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രി ഗതിശക്തി.
നിർദ്ദിഷ്ട ദേശീയ മാസ്റ്റർ പ്ലാനിൽ, നിലവിലുള്ളതും പരിഗണനയിലുള്ളതുമായ എല്ലാ സാമ്പത്തിക മേഖലകളും കര-വ്യോമ-കടൽ മാർഗമുള്ള ചരക്ക് നീക്കങ്ങളെ ബന്ധിപ്പിക്കുന്ന അടിസ്ഥാനസൗകര്യങ്ങൾ ഒറ്റ പ്ലാറ്റ്ഫോമിൽ മാപ്പ് ചെയ്തിട്ടുണ്ട്. 2014-15 ലെ സ്ഥിതി, 2020-21 വരെ കൈവരിച്ച നേട്ടങ്ങൾ, 2024-25 വരെ ആളുകളുടേയും ചരക്കിന്റെയും നീക്കങ്ങൾക്കായുള്ള ആസൂത്രണവും ഇതിൽ ഉൾപ്പെടുന്നു.
രാജ്യമെമ്പാടുമുള്ള വിവിധ സാമ്പത്തിക മേഖലകൾ, അടിസ്ഥാന സൗകര്യങ്ങൾ, എന്നിവയുടെ പൂർത്തീകരണത്തിനായുള്ള സമയക്രമം അടിസ്ഥാനമാക്കിയുള്ള സമഗ്ര മാപ്പും തയ്യാറായിട്ടുണ്ടെന്ന് ഗതിശക്തി പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.
തയ്യാറായ ദേശീയ മാസ്റ്റർ പ്ലാനിൽ 16 കേന്ദ്ര വകുപ്പുകൾ ഭാഗമായിട്ടുണ്ട്. മാസ്റ്റർ പ്ലാനിൽ ഏതെങ്കിലും മാറ്റങ്ങൾ അംഗീകരിക്കുന്നതിനായി സർക്കാർ ഈ വകുപ്പുകളുടെയെല്ലാം ഒരു സമിതി (EGoS) ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ രൂപീകരിക്കും.
നിർദേശങ്ങൾ ഏകീകരിക്കുന്നതിനും ആസൂത്രണത്തിനും സംയോജനത്തിനും മുതിർന്ന ഉദ്യോഗസ്ഥരുടെ ഒരു സംയോജിത മൾട്ടിമോഡൽ നെറ്റ്വർക്ക് ആസൂത്രണ ഗ്രൂപ്പ് (എൻപിജി) മേൽനോട്ടം വഹിക്കും. മാസ്റ്റർ പ്ലാനിന് പുറത്തുള്ള 500 കോടിയുടെ അടിസ്ഥാന സൗകര്യ ശൃംഖലകളുടെ പദ്ധതികളുടെ പരിശോധനയും എൻപിജി നിർവഹിക്കും.