കൊച്ചി: നിയമ വിദ്യാർഥിനി വീടിനുള്ളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭര്‍ത്താവ് മുഹമ്മദ് സുഹൈലും കുടുംബവും പൊലീസ് കസ്റ്റഡിയിൽ. വീട് പൂട്ടിയ നിലയിലായിരുന്നു. ഒളിവിൽ പോയ ഇവരെ കോതമംഗലത്തെ ബന്ധുവീട്ടിൽനിന്നാണ് കസ്റ്റഡിയിൽ എടുത്തത്.
ഭര്‍ത്താവിനെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തും. അതേസമയം പരാതിക്കാരിയുടെ ആത്മഹത്യയ്ക്ക് കാരണമായ പൊലീസ് വീഴ്ചയില്‍ സിഐയ്ക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്. ആലുവ ഡിവൈഎസ്പി അന്വേഷണറിപ്പോര്‍ട്ട് ഇന്ന് കൈമാറും. ആലുവ സിഐയ്ക്കെതിരെ നടപടിയെടുക്കണം എന്ന് ആത്മഹത്യാകുറിപ്പില്‍ എഴുതിവച്ചാണ് എടയപ്പുറത്ത് സ്വദേശിനിയായ മോഫിയ പർവീൺ ജീവനൊടുക്കിയത്.
പരാതി ലഭിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും നടപടിയെടുക്കാതെ പൊലീസ് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നാണ് ആരോപണം. ആലുവ സ്റ്റേഷനില്‍ പരാതിക്കാരിയും അച്ഛനും എത്തിയപ്പോള്‍ സിഐ തന്റെ മുറിയിലേക്ക് വിളിച്ചു. യുവതിയുടെ ഭര്‍ത്താവിനെയും വിളിച്ചുവരുത്തി പരാതിയുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ കേസെടുക്കാത്തതെന്താണെന്ന് യുവതി പൊലീസിനോട് ചോദിച്ചു.
സിഐ ഉത്തരം നല്‍കാതെ വീണ്ടും സംസാരിച്ചു. ഭര്‍ത്താവും സംസാരിച്ചു തുടങ്ങിയതോടെയാണ് യുവതി ഭര്‍ത്താവിന്റെ മുഖത്തടിച്ച് ഇറങ്ങിപ്പോയത്. സിഐ യുവതിയുടെ അച്ഛനോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം.