മോഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസ്: സുഹൈലിൻ്റെ ജാമ്യഹർജി ഹൈക്കോടതി തള്ളി

January 4, 2022
118
Views

കൊച്ചി: നിയമവിദ്യാർത്ഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് സുഹൈൽ നൽകിയ ജാമ്യഹർജി ഹൈക്കോടതി തള്ളി. കേസിൽ സുഹൈലിന് ഒപ്പം അറസ്റ്റിലായ മാതാപിതാക്കൾക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഇവരുടെ പ്രായം കൂടി കണക്കിലെടുത്താണ് ജാമ്യം.

സാക്ഷികളെ സ്വാധീനിക്കരുതെന്നും കേസിൽ ഇടപെടാൻ പാടില്ലെന്നും കോടതി നിർദ്ദേശിച്ചു. നാൽപ്പത് ദിവസത്തിലേറെ ജയിലിൽ കഴിഞ്ഞെന്നും പ്രായമുള്ളവരാണെന്നും കാണിച്ചാണ് പ്രതികൾ ജാമ്യഹർജി നൽകിയത്. എന്നാൽ കേസ് ഡയറി പരിശോധിച്ച കോടതി, ഭർത്താവ് സുഹൈലിനെതിരെയുള്ളത് ഗുരുതര ആരോപണമാണെന്ന് നിരീക്ഷിച്ചു. ആരോപണം ശരിയാണെങ്കിൽ മോഫിയ നേരിട്ടത് വലിയ ക്രൂരത ആണെന്നും കോടതി പരാമർശിച്ചു.

നിയമ വിദ്യാർത്ഥിനി മൊഫിയാ പർവീണിന്റെ ആത്മഹത്യ കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ഗുരുതര ആരോപണങ്ങളാണ് മോഫിയയുടെ ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെയുള്ളത്. ഭർത്താവിന്റെ വീട്ടിൽ മോഫിയ പർവ്വീൺ നേരിട്ടത് കൊടിയ പീഡനമാണ്. പെൺകുട്ടിയെ മാനസിക രോഗിയായി മുദ്രകുത്താൻ ശ്രമം നടന്നു. 40 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടു. ഭർത്താവ് സുഹൈൽ ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

ഇയാൾ പലതവണ മൊഫിയയുടെ ശരീരത്തിൽ മുറിവേൽപ്പിച്ചു. ഭർത്തൃവീട്ടുകാർ മോഫിയയെ അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചു. ഭർതൃമാതാവ് മോഫിയയെ സ്ഥിരമായി ഉപദ്രവിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. ഇതോടൊപ്പം മോഫിയ ആത്മഹത്യാകുറിപ്പിൽ പരാമർശിച്ച പോലെ ഗാർഹിക പീഡന പരാതിയിൽ കേസ് എടുക്കുന്നതിൽ സിഐയായിരുന്ന സിഎൽ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ടായിരുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *