മനോഹരമായ പീലികള്‍ വിടര്‍ത്തി ആണ്മയില് നൃത്തമാടുന്നു.
മനോഹരമായ പീലികള്‍ വിടര്‍ത്തി ആണ്മയില് നൃത്തമാടുന്നു. അതു കണ്ടു മനം കുളിര്‍ത്തു പെണ്മയില് ചാരേ നില്ക്കുന്നു.
കഴുത്തിനു ചുറ്റും സമൃദ്ധിയില്‍ വളരുന്ന ഉജ്ജ്വലമായ കേസരങ്ങളും, ഒപ്പം ആകാര സൗഷ്ഠവവും സിംഹത്തിന് സിംഹിയേക്കാള് സൗന്ദര്യം നല്‍കുന്നുണ്ട്. ക്രിസ്തുവിനു മുമ്ബ് അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഭരത മുനിയാണ് ഇന്ത്യന്‍ നാട്യകലയുടെ പിതാവ്. നമ്മുടെ ശാസ്ത്രീയ നൃത്തങ്ങളില്‍ ഏറ്റവും പ്രശസ്തമായ ഭരതനാട്യം അദ്ദേഹത്തിന്റെ നാമത്തിലുമാണ്.
പിന്നെയെന്തേ മോഹിനിയാട്ട ഗവേഷണ പഠനത്തിനു ഡോ. ആര്.എല്‍.വി. രാമകൃഷ്ണനു പ്രവേശനം നല്കാന് സര്‍ക്കാര്‍ സ്ഥാപനമായ കേരള കലാമണ്ഡലം വൈമുഖ്യം കാണിച്ചത്? സംശയമില്ല, ഇത് ലിംഗസമത്വം പെണ്ണിന് നിഷേധിക്കപ്പെടുന്നു എന്ന പതിവു പല്ലവിയുടെ മറുവശം. നൃത്തലോകത്ത് പുരുഷന് അനുഭവിക്കുന്ന കൊടും വിവേചനമറിയാന് കലാഭവന്‍ മണിയുടെ ഇളയ സഹോദര9 കൂടിയായ നര്ത്തകനോടു തന്നെ സംസാരിക്കണം…
ആണായാല്‍ അയോഗ്യതയോ?
മോഹിനിയാട്ടത്തില്‍ പിഎച്ച്.ഡി. ബിരുദം നേടുന്നതിനു മുന്നോടിയായി, എം.ഫില്‍ പ്രോഗ്രാമിനുള്ള പ്രവേശനാര്ത്ഥം, 2007-ലാണ് ഒരുപാടു സ്വപ്നങ്ങളുമായി ഞാന്‍ കേരള കലാമണ്ഡലത്തില്‍ പോയത്. അക്കാദമിക മാര്‍ഗങ്ങളിലൂടെ കലകളൊന്നും അഭ്യസിക്കാന്‍ ഭാഗ്യം ലഭിക്കാതിരുന്ന ജ്യേഷ്ഠന് കലാഭവന്‍ മണിയായിരുന്നു പ്രചോദന സ്രോതസ്സ്. അനിയനെങ്കിലും കലയിലൊരു ഡോക്ടറേറ്റ് എന്നതായിരുന്നു ചേട്ടന്റെ സ്വപ്നം. പക്ഷേ, നൃത്തമേഖലയില്‍ പുരുഷനോടുള്ള വിവേചനത്തിന്റെ കഥ അവിടെ തുടങ്ങി. തെരഞ്ഞെടുപ്പു പരിശോധനകളിലെല്ലാം മുന്നിലായിരുന്നുവെങ്കിലും, എം.ഫില്‍ അഡ്മിഷന് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ അതില്‍ എന്റെ പേരില്ലായിരുന്നു. പെണ്‍കുട്ടികള്‍ക്കൊപ്പം നൃത്തം പഠിക്കാന്‍ ഒരു ആണ്‍കുട്ടിയെ അനുവദിക്കില്ലയെന്നാണ് അധികൃതര്‍ കാരണം പറഞ്ഞത്. നാടന്‍പാട്ടു കലാകാരന് എന്ന നിലയില്‍ ചേട്ടന് ചെറിയൊരു അഡ്രസ്സ് ഉണ്ടായിരുന്നതിനാല്‍ വിദ്യാഭ്യാസ മന്ത്രിയെ കണ്ടു സങ്കടം ധരിപ്പിക്കാന്‍ കഴിഞ്ഞു. ഒടുവില്‍ പട്ടിക ജാതി/പട്ടിക വര്‍ഗത്തിനു വേണ്ടി റിസര്‍വു ചെയ്ത സീറ്റുകളിലൊന്ന് പറയ സമുദായത്തില്‍പെട്ട (പട്ടിക ജാതി) എനിക്കു നല്കാന് കലാമണ്ഡലം അധികൃതരോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. നൃത്തത്തോടുള്ള അഭിനിവേശം കൊണ്ടും, അഡ്മിഷന് ആദ്യം നിഷേധിക്കപ്പെട്ടതിനാലും, പഠിക്കാനാണ് ഞാന്‍ വന്നിരിക്കുന്നതെന്നു തെളിയിക്കണമെന്നത് തീക്ഷ്ണമായൊരു ഇച്ഛയായിരുന്നു. നന്നായി പ്രയത്നിച്ചു, എം.ഫില്‍ പരീക്ഷ ഒന്നാം റാങ്കോടെ പാസ്സായി. ഞാന്‍ ടോപ്പ് സ്കോറര്‍ ആയിക്കൊണ്ടുള്ള ഫലം കലാമണ്ഡലം പ്രസിദ്ധീകരിക്കുകയും ചെയ്തു. പക്ഷേ, രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ എല്ലാം അട്ടിമറിക്കപ്പെട്ടു. എന്നെ ഏറ്റവും പിന്നിലാക്കിക്കൊണ്ടു മറ്റൊരു ലിസ്റ്റ് പ്രത്യക്ഷപ്പെട്ടു. ഈ അനീതി കണ്ടു ഞാന്‍ ആകെ തളര്‍ന്നു പോയി. വ്യാകുലപ്പെട്ട ചേട്ടന് വീണ്ടും മന്ത്രിയെ കണ്ടു പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പെടുത്തി. വിശദമായ പരിശോധനകള്‍ക്കൊടുവില്‍, പഴയ റിസള്‍ട്ടു തന്നെ പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. അങ്ങനെ ഞാന്‍ വീണ്ടും ഒന്നാമനായി. ഡോ. എന്‍.കെ. ഗീതയുടെ മാര്‍ഗനിര്‍ദ്ദേശത്തില്‍, ‘ആട്ടത്തിലെ ആണ്‍വഴികള്‍- മോഹിനിയാട്ടവുമായി ബന്ധപ്പെട്ട ഒരു അന്വേഷണം’ എന്ന വിഷയത്തില്‍ പിഎച്ച്.ഡി ബിരുദത്തിനുള്ള ഗവേഷണം ഞാന്‍ ആരംഭിച്ചു.
കലാമണ്ഡലത്തില്‍ പുരുഷവിവേചനം
നമ്മുടെക്ല ാസ്സിക് കലകള്‍ അഭ്യസിപ്പിക്കാന്‍ 1927-ല്‍ ആരംഭിച്ചു, 2006-ല്‍ കല്പിത സര്‍വകലാശാലയായിത്തീര്‍ന്ന അഭിമാന സ്ഥാപനമായ കേരള കലാമണ്ഡലത്തില്‍ മോഹിനിയാട്ടവും ഭരതനാട്യവും പഠിക്കാനും പഠിപ്പിക്കാനും ഇപ്പോഴും ആണുങ്ങള്‍ക്കു പ്രവേശനമില്ല. നവോത്ഥാന നായകന് കൂടിയായിരുന്ന മഹാകവി വള്ളത്തോള്‍ നാരായണ മേനോന് അടിത്തറ പാകിയ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലാണ് ഇതെന്ന് ഓര്‍ക്കണം. പെണ്‍കുട്ടികള്‍ക്ക് കഥകളി കോഴ്സിന് അടുത്ത കാലത്ത് പ്രവേശനം നല്കിത്തുടങ്ങിയത് ഏറെ നന്നായി.