ഹൈദരാബാദ്: സ്പാനിഷ് ടി.വി. സീരിസായ മണിഹെയ്സ്റ്റിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് തട്ടിക്കൊണ്ടുപോകലും കുറ്റകൃത്യങ്ങളും നടത്തിയ നാലംഗസംഘം പിടിയിൽ. ആത്തപ്പുർ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ഗുഞ്ചപൊകു സുരേഷ്(27) മെഹ്ദിപട്ടണം സ്വദേശികളായ രോഹിത്(18) ജഗദീഷ്(25) കുനാൽ(19) എന്നിവരെയാണ് ഹൈദരാബാദ് പോലീസ് പിടികൂടിയത്. ഇവരുടെ സംഘത്തിൽപ്പെട്ട ശ്വേത ചാരി എന്ന യുവതി ഒളിവിലാണെന്നും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
കുപ്രസിദ്ധ മോഷ്ടാവായ ഗുഞ്ചപൊകു സുധാകറിന്റെ സഹോദരനാണ് കേസിലെ മുഖ്യപ്രതിയായ സുരേഷ്. ഓട്ടോ ഡ്രൈവറായ ഇയാൾ മണിഹെയിസ്റ്റ് സീരിസ് കണ്ടതോടെയാണ് കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്തത്. പരിചയമുള്ളവരുടെ മക്കളെ തട്ടിക്കൊണ്ടുപോയി പണം തട്ടലായിരുന്നു രീതി. ഇത്തരത്തിൽ പോലീസിന് ലഭിച്ച ഒരു തട്ടിക്കൊണ്ടുപോകൽ പരാതിയിലാണ് നാലംഗസംഘം പിടിയിലായത്.
മണിഹെയിസ്റ്റ് സീരിസിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട സുരേഷ് സ്വയം ‘പ്രൊഫസറായി’ സംഘത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയായിരുന്നു. സീരിസിൽ ‘പ്രൊഫസർ’ എന്ന കഥാപാത്രമാണ് കവർച്ചയും മറ്റുമെല്ലാം ആസൂത്രണം ചെയ്യുന്നത്. ഇതുപോലെ സുരേഷും തന്റെ സംഘത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തു. സീരിസിലേതിന് സമാനമായി ഇവർക്ക് ബെർലിൻ, ടോക്കിയോ, റിയോ, നെയ്റോബി തുടങ്ങിയ പേരുകളും നൽകി. തുടർന്നാണ് വിവിധയിടങ്ങളിൽനിന്നായി പലരെയും തട്ടിക്കൊണ്ടുപോയി പണം തട്ടിയത്.
സുരേഷിന് അറിയാവുന്ന സാമ്പത്തികമായി ഉയർന്നനിലയിലുള്ളവരുടെ മക്കളെയാണ് സംഘം ലക്ഷ്യമിട്ടിരുന്നതെന്നാണ് പോലീസ് പറയുന്നത്. അടുത്തിടെ ഗുഡിമാൽക്കപുർ സ്വദേശിയായ 19-കാരനെ ഇവർ തട്ടിക്കൊണ്ടുപോയിരുന്നു. മോചനദ്രവ്യമായി 50000 രൂപയാണ് സംഘം ആവശ്യപ്പെട്ടത്. ഈ സംഭവത്തിൽ പോലീസിന് പരാതി ലഭിച്ചതോടെയാണ് അന്വേഷണം നടത്തി നാലുപേരെയും പിടികൂടിയത്.
സംഘത്തിലുള്ള യുവതിയെ ഉപയോഗിച്ചാണ് കൗമാരക്കാരായ ഇരകളെ ഇവർ വശീകരിച്ചിരുന്നത്. തുടർന്ന് തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് മോചനദ്രവ്യം ആവശ്യപ്പെടുന്നതായിരുന്നു രീതി. സ്വീറ്റി എന്നറിയപ്പെടുന്ന ശ്വേതയെ ഉപയോഗിച്ച് ഹണിട്രാപ്പ് തട്ടിപ്പുകളും നടത്തിയിരുന്നു.
അടുത്തിടെയുണ്ടായ മറ്റൊരു സംഭവത്തിൽ എട്ട് ലക്ഷം രൂപയാണ് സുരേഷും സംഘവും മോചനദ്രവ്യം ആവശ്യപ്പെട്ടത്. മറ്റുചില സംഭവങ്ങളിലും ഇതുപോലെ ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുണ്ട്. തട്ടിപ്പിലൂടെ ആദ്യമായി കിട്ടിയ പണം ഉപയോഗിച്ച് പ്രതി ഒരു പജേറോ കാർ വാങ്ങിയിരുന്നു. പിന്നീട് ഈ വാഹനമാണ് മറ്റുള്ള കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ചതെന്നും പോലീസ് പറഞ്ഞു.