കൊടകരയ്ക്ക് മുമ്ബും ബിജെപി കൊണ്ടുവന്ന പണം കവര്‍ന്നതായി പൊലീസ്. സേലം കൊങ്കണാപുരത്ത് വച്ചായിരുന്നു ഈ കവര്‍ച്ച.കേരളത്തിലെ തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി അനധികൃതമായി ബിജെപി കൊണ്ടുവന്ന പണമാണിതെന്നാണ് കുറ്റപത്രത്തിലെ പരാമര്‍ശം.
മാര്‍ച്ച് ആറിനായിരുന്നു ഈ കവര്‍ച്ച. ബെംഗളൂരുവില്‍ നിന്ന് കൊണ്ടുവന്ന പണമാണിത്. നാല് കോടി നാല്‍പ്പത് ലക്ഷം രൂപയാണ് അന്ന് കവര്‍ന്നത്.കൊടകരക്കേസിലെ സാക്ഷിയും പ്രധാനപരാതിക്കാരനുമായ ധര്‍മരാജന്‍റെ അടുത്ത ബന്ധുവിനായിരുന്നു പണം കൊണ്ടുവരാനുള്ള ചുമതലയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
കൊടകര കവര്‍ച്ച പുറത്തുവന്നതിന് പിന്നാലെ ഇതേക്കുറിച്ചന്വേഷിച്ച സംഘം ഇരിഞ്ഞാലക്കുട കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ്, ഈ ‘കൊടകര മോഡല്‍’ കവര്‍ച്ചയുടെ വിവരങ്ങളുള്ളത്.കൊടകരയില്‍ കവര്‍ന്നത് മൂന്നരക്കോടി രൂപയാണെങ്കില്‍ സേലം കൊങ്കണാപുരത്ത് കവര്‍ന്നത് നാല് കോടി നാല്‍പ്പത് ലക്ഷം രൂപയാണെന്നാണ് ധര്‍മരാജന്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കുറ്റപത്രത്തില്‍ പൊലീസ് ഈ കവര്‍ച്ചയുടെ വിശദാംശങ്ങള്‍ നല്‍കിയിരിക്കുന്നത്. ഇത് ബിജെപിക്ക് വേണ്ടി കൊണ്ടുവന്ന പണം തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു.
മാര്‍ച്ച് ആറിനാണ് ബെംഗളുരുവില്‍ നിന്ന് നാല് കോടി നാല്‍പ്പത് ലക്ഷം രൂപയുമായി ധര്‍മരാജന്‍റെ ഒരു അടുത്ത ബന്ധു കേരളത്തിലേക്ക് വരുന്നത്. ധര്‍മരാജന്‍റെ ഈ ബന്ധു പൈലറ്റ് പോലെ ഒരു വാഹനത്തിലാണ് സഞ്ചരിച്ചിരുന്നത്. എന്നാല്‍ പണം സൂക്ഷിച്ച വാഹനം ഓടിച്ചിരുന്നത്, കൂത്തുപറമ്ബ് സ്വദേശി അഷ്റഫ് എന്നയാളാണ്. KL 14 C 1414 എന്ന നമ്ബറുള്ള വാഹനത്തിലായിരുന്നു ഈ പണം കൊണ്ടുവന്നത്. കാസര്‍കോട് റജിസ്ട്രേഷനുള്ള ഈ വാഹനം സേലം കൊങ്കണാപുരത്ത് എത്തിയപ്പോള്‍, മറ്റൊരു വാഹനം വന്ന് തടയുകയും ഈ പണം തട്ടിക്കൊണ്ടുപോവുകയും ചെയ്തു എന്നാണ് പൊലീസിന് ധര്‍മരാജന്‍ നല്‍കിയ മൊഴി.
ഈ വാഹനം പിന്നീട് കൊങ്കണാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഈ വാഹനം ഇപ്പോഴും കൊങ്കണാപുരം പൊലീസ് സ്റ്റേഷനടുത്ത് റോഡില്‍ കിടപ്പുണ്ടെന്ന് സംസ്ഥാന പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ പണം നഷ്ടപ്പെട്ടതിനെക്കുറിച്ച് പരാതിയില്ലാത്തതിനാല്‍ ഇതുവരെ ഇക്കാര്യത്തില്‍ കേസെടുത്തിട്ടില്ല സംസ്ഥാന പൊലീസ്.
ഈ കവര്‍ച്ചയ്ക്ക് പിന്നില്‍ പണം കൊണ്ടുവന്ന കൂത്തുപറമ്ബ് സ്വദേശി അഷ്റഫ് തന്നെയെന്ന് പിന്നീട് വ്യക്തമായി. അഷ്റഫ് വിവരം ചോര്‍ത്തി നല്‍കിയായിരിക്കണം, ഈ പണം കവര്‍ച്ച ചെയ്യപ്പെട്ടത്. പണം നഷ്ടപ്പെട്ട കാര്യം ധര്‍മരാജന്‍ സംസ്ഥാനത്തെ ചില ബിജെപി നേതാക്കളെ അറിയിച്ചിരുന്നു. ഇവര്‍ ഇടപെട്ടതോടെ ഇതില്‍ ഒരു കോടി രൂപ അഷ്റഫ് തന്നെ ധര്‍മരാജന് കോഴിക്കോട് വച്ച് കൈമാറി.
ബിജെപിയുടെ ബംഗലൂരുവിലെ ചില കേന്ദ്രങ്ങളായിരുന്നു പണം കൈമാറിയതെന്ന് കൊടകര കേസ് അന്വേഷിച്ച പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന് തുടര്‍ച്ചയായിട്ടായിരുന്നു കൊടകരയില്‍ ഏപ്രില്‍ മൂന്നിന് നടന്ന കവര്‍ച്ചയെന്നാണ് കണ്ടെത്തല്‍.