കൊച്ചി: പുരാവസ്തുതട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കൽ വീട്ടിലെ തിരുമ്മൽ കേന്ദ്രത്തിൽ ഒളിക്യാമറ വെച്ച് രഹസ്യമായി ദൃശ്യങ്ങൾ ചിത്രീകരിച്ചുവെന്ന് പീഡനത്തിനിരയായ പെൺകുട്ടി. മോൻസണെതിരേ പലരും പരാതി നൽകാത്തത് ബ്ലാക്ക്മെയിലിങ് കാരണമാണെന്നും പെൺകുട്ടി ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. തന്റെ വീടിന്റെ രണ്ടാം നിലയിലാണ് മോൻസൺ കോസ്മറ്റോളജി ചികിത്സാകേന്ദ്രം നടത്തിവന്നിരുന്നത്.
നിരവധി ഉന്നതർ ഇവിടെ ചികിത്സയ്ക്കെത്തിയിരുന്നുവെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇവരുടെ ദൃശ്യങ്ങൾ മോൻസൺ മാവുങ്കൽ പകർത്തിയിരുന്നുവെന്ന സംശയം നേരത്തെ തന്നെ അന്വേഷണസംഘത്തിനുണ്ടായിരുന്നു. ചികിത്സ തേടി പല പ്രമുഖരും എത്തിയിരുന്നെങ്കിലും ആരും പരാതി നൽകാൻ തയ്യാറാകാത്തതാണ് ഇങ്ങനെയൊരു സംശയമുണ്ടാകാൻ കാരണം.
പോക്സോ കേസിലെ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ കേസിൽ വലിയ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെളിപ്പെടുത്തൽ സംബന്ധിച്ച് വരും ദിവസങ്ങളിൽ വിശദമായ അന്വേഷണമുണ്ടാകുമെന്നാണ് ക്രൈം ബ്രാഞ്ച് വൃത്തങ്ങൾ അറിയിക്കുന്നത്. അന്വേഷണത്തിൽ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തതയുണ്ടാകുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.
പോക്സോ കേസിലെ പരാതിക്കാരിയായ പെൺകുട്ടിയെ ക്രൈംബ്രാഞ്ച് സംഘം മോൻസൺ മാവുങ്കലിന്റെ വീട്ടിലെത്തിച്ച് വ്യാഴാഴ്ച തെളിവെടുപ്പ് നടത്തിയിരുന്നു. അറസ്റ്റ് നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് വരെ മോൻസൺ തന്നെ പീഡിപ്പിച്ചിരുന്നുവെന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. പതിനേഴ് വയസുമുതൽ തന്നെ മോൻസൺ പീഡിപ്പിച്ചിരുന്നെന്നാണ് മൊഴി.
മോൻസൺ അറസ്റ്റിലാകുന്നതുവരെ മൂന്നുവർഷത്തോളം പീഡനം തുടർന്നിരുന്നുവെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്. വിശദമായ അന്വേഷണമാണ് സംഭവത്തിൽ നടക്കുന്നത്. പെൺകുട്ടി മോൻസന്റെ വീട്ടിൽ താമസിച്ചിരുന്നുവെന്നതിന്റെ കൃത്യമായ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. മോൻസൺ മാവുങ്കലിന്റെ വീട്ടിലും ഗസ്റ്റ് ഹൗസിലും ശാസ്ത്രീയ പരിശോധനയടക്കം വേണ്ടി വരുമെന്ന് അന്വേഷണസംഘം അറിയിച്ചു.
അതേസമയം ഡിആർഡിഓ വ്യാജരേഖ കേസിൽ മോൻസന്റെ അറസ്റ്റ് രേഖപ്പെടുത്തി. അടുത്തയാഴ്ച മോൻസണെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം.