കൊച്ചി: മോൻസൻ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പിനെ പറ്റി അനിത പുല്ലയിലിന് എല്ലാം അറിയാമെന്ന് വെളിപ്പെടുത്തൽ. മോൻസന്‍റെ മുൻ ഡ്രൈവർ അജിയുടെതാണ് അവകാശവാദം. മോൻസന്‍റെ ശേഖരത്തിലുള്ളത് തട്ടിപ്പ് സാധനങ്ങളാണെന്ന് അനിത പുല്ലയിലിന് അറിയാമായിരുന്നു. മോൻസന്‍റെ മുൻ മാനേജർ എല്ലാ കാര്യങ്ങളും അനിതയോട് സംസാരിച്ചിരുന്നുവെന്നും അജി പറയുന്നു.
തട്ടിപ്പ് മനസ്സിലാക്കിയതിന് ശേഷവും അനിത മോൻസനുമായി സൗഹൃദം തുടർന്നിരുന്നുവെന്നും രാജകുമാരിയിലെ മോൻസന്‍റെ പിറന്നാൾ ആഘോഷത്തിൽ അനിത പുല്ലയിൽ സജീവമായിരുന്നുവെന്നുമാണ് വെളിപ്പെടുത്തൽ. മോൻസന്‍റെ വീട്ടിൽ അനിത ഒരാഴ്ച തങ്ങിയിരുന്നു. പ്രവാസി ഫെഡറേഷൻ ഭാരവാഹികളുടെ ഓഫീസ് ആയി മോൻസന്‍റെ മ്യൂസിയം പ്രവർത്തിച്ചു.
മോൻസന് വിദേശമലയാളികളെ പരിചയപ്പെടുത്തിയത് അനിത പുല്ലയിലാണ്. അനിത പുല്ലയിലും ഐജി ലക്ഷ്മണയും തമ്മിലുള്ള ചാറ്റും പുറത്ത് വന്നിട്ടുണ്ട്. മോൻസനുമായി പിണങ്ങിയതിന് ശേഷമുള്ള സംഭാഷണങ്ങളാണ് പുറത്ത് വന്നത്. തെളിവുകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു.
മോൻസൻ മാവുങ്കലിനെ മുൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരിചയപ്പെടുത്തിയത് താൻ ആണെന്ന് അനിത പുല്ലയിൽ മുന്‍പ് പറഞ്ഞിരുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞപ്പോൾ അത് പൊലീസിനെ അറിയിച്ചെന്നും അനിത അവകാശപ്പെട്ടിരുന്നു. പ്രവാസി മലയാളി ഫെഡറേഷനുമായി ബന്ധപ്പെട്ട ബന്ധം മാത്രമാണ് മോന്‍സനുമായി ഉണ്ടായിരുന്നതെന്നാണ് അനിത അന്ന് വിശദീകരിച്ചത്.
മോൻസൻ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവുമായും സഹകരിക്കാൻ തയ്യാറാണെന്നാണ് അനിതാ പുല്ലയിലിൻ്റെ പ്രതികരണം. തട്ടിപ്പുകാരനെ പുറം ലോകത്ത് എത്തിച്ച തന്നെ മോശക്കാരി ആക്കാൻ ശ്രമിക്കുകയാണെന്നും പൊലീസിൻ്റെ ശരിയായ അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നുമാണ് അനിത കഴിഞ്ഞ ദിവസം പറഞ്ഞത്.