തിരുവനന്തപുരം: കൊടുംവേനലില്‍ പൊള്ളിയ കേരളത്തിന്‍റെ ഉള്ളംതണുക്കാൻ കാലവർഷമെത്തുന്നു. ഞായറാഴ്ചയോടെ കാലവർഷം തെക്കുകിഴക്കൻ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കൻ ആൻഡമാൻ കടല്‍, നിക്കോബർ ദ്വീപ് എന്നിവിടങ്ങളില്‍ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.
തെക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. ചക്രവാതച്ചുഴിയില്‍ നിന്നു ലക്ഷദ്വീപിലേക്ക് ന്യുനമർദ പാത്തിയും നിലനില്‍ക്കുന്നു.
തെക്കൻ കർണാടകയ്ക്ക് മുകളില്‍ നിന്ന് വിദർഭയിലേക്ക് മറ്റൊരു ന്യുനമർദപാത്തിയും രൂപപ്പെട്ടിട്ടുണ്ട്.
ഇതിന്‍റെ ഫലമായി കേരളത്തില്‍ അടുത്ത ഏഴുദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്കും 49 മുതല്‍ 50 കി.മീ. വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്.
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഞായറാഴ്ച അതിശക്തമായ മഴയ്ക്കും, ഇന്നുമുതല്‍ ഞായറാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.