എല്ലാ വികസിത, വികസ്വര രാജ്യങ്ങളും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വര്‍ദ്ധനവ്. അത് പരിഹരിക്കാനായി ദശലക്ഷത്തിലധികം ടണ്‍ പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗയോഗ്യമാക്കി ഖത്തര്‍ എയര്‍ക്രാഫ്റ്റ് കാറ്ററിങ് കമ്പനി (ക്യു.എ.സി.സി) മാതൃകയായി. ഇതിന് പുറമേ ഇനിയും ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ലക്ഷത്തിലധികം പ്ലാസ്റ്റിക് വസ്തുക്കളും മിച്ചം വന്ന ഭക്ഷണ പദാര്‍ത്ഥങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് വിതരണം ചെയ്തു.
പ്ലാസ്റ്റിക് കുപ്പികള്‍, ഉപയോഗിച്ച പേപ്പര്‍ അവശിഷ്ടങ്ങള്‍, ഹാര്‍ഡ് ബോര്‍ഡ്, കെമിക്കല്‍ ഡ്രമ്മുകള്‍ തുടങ്ങിയവ റീസൈക്ലിങ്ങിന് വിധേയമാക്കി. ഖത്തര്‍ എയര്‍വേസ് ഗ്രൂപ്പിന് കീഴിലുള്ള ക്യു.എ.സി.സി ഇതിലൂടെ തങ്ങളുടെ വാര്‍ഷിക മാലിന്യത്തിന്റെ അളവ് 1688 ടണ്ണായി കുറച്ചു.
ഖത്തര്‍ ആസ്ഥാനമായ ഖത്തര്‍ ചാരിറ്റി, ഹിഫ്‌സ് അല്‍ നഅ്മ എന്നിവയുമായി സഹകരിച്ച് ലിനന്‍ ഇനങ്ങളായ കോട്ടണ്‍ ബ്ലാങ്കറ്റുകള്‍, മെത്തകള്‍ തുടങ്ങി 40,000ല്‍ അധികം വസ്തുക്കളും മൂന്ന് ടണ്ണിലധികം ഭക്ഷണസാധനങ്ങളും ക്യു.എ.സി.സി വിതരണം ചെയ്തു.
ഉപയോഗിച്ച വസ്തുക്കള്‍ റീസൈക്കിള്‍ ചെയ്ത് മാലിന്യം കുറക്കുന്നതിനും ഈ സംരംഭത്തിന് പിന്തുണ നല്‍കുന്ന സമൂഹങ്ങളെ സഹായിക്കാനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഗ്രൂപ് സി.ഇ.ഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു. മാലിന്യം കുറക്കുന്നതിനും വസ്തുക്കള്‍ റീസൈക്കിള്‍ ചെയ്യുന്നതിനും നൂതന മാര്‍ഗം തേടുമെന്നും പരിസ്ഥിതി സുസ്ഥിരതയില്‍ ഒരു വര്‍ഷത്തെ ലക്ഷ്യം കമ്പനി മറികടന്നെന്നും സീനിയര്‍ വൈസ് പ്രസിഡന്റ് സാഷ വോള്‍ഫര്‍ഡോര്‍ഫ് പറഞ്ഞു.