കശ്മീരില്‍ ഗ്രാൻഡ് മസ്ജിദ് അടപ്പിച്ചു;മസ്ജിദിന് പുറത്ത് പോലീസ് വിന്യാസം

April 8, 2024
0
Views

ശ്രീനഗർ | വിശുദ്ധ റമസാനില്‍ വിശ്വാസികള്‍ ഏറ്റവും പവിത്രമായി കാണുന്ന 27ാം രാവില്‍ ശ്രീനഗറിലെ പ്രശസ്തമായ ഗ്രാൻഡ് മസ്ജിദ് അടച്ചുപൂട്ടി അധികൃതർ.

വെള്ളിയാഴ്ച ജുമുഅക്ക് ശേഷം പോലീസ് മസ്ജിദ് പരിസരത്ത് എത്തി. അസർ നിസ്‌കാരത്തിന് ശേഷം വിശ്വാസികളെ ഒഴിപ്പിക്കുകയും മസ്ജിദിന്റെ ഗേറ്റ് പൂട്ടുകയും ചെയ്തു. ഗ്രാൻഡ് മസ്ജിദില്‍ രാത്രി നിസ്‌കാരവും മറ്റു പ്രാർഥനകളും അനുവദിക്കില്ലെന്ന് സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചതായി മസ്ജിദ് പരിപാലന കമ്മിറ്റിയായ അൻജുമാൻ ഔഖാഫ് ജാമിഅ ഭാരവാഹികള്‍ പറഞ്ഞു.27ാം രാവില്‍ തറാവീഹിനും ഇഅ്തികാഫിനുമായി മസ്ജിദില്‍ ഒരുമിച്ചുകൂടാനിരിക്കെ അധികൃതരുടെ നീക്കം വ്യാപക പ്രതിഷേധത്തിനിടയാക്കി. മസ്ജിദ് അടച്ചുപൂട്ടിയതിനെതിരെ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പി ഡി പി അധ്യക്ഷയുമായ മെഹബൂബ മുഫ്തി വിമർശമുന്നയിച്ചു. നിർഭാഗ്യകരവും കശ്മീരികളെ തള്ളിക്കളയാനുള്ള നീക്കവുമാണിതെന്ന് അവർ പറഞ്ഞു. റമസാൻ അവസാന പത്തിലെ 27ാം രാവ് വിശ്വാസികള്‍ ഏറ്റവും പവിത്രമായി കാണുന്ന ഒന്നാണ്. മസ്ജിദ് അടച്ചുപൂട്ടിയതിനൊപ്പം ഹുർറിയത്ത് നേതാവ് മിർവായിസ് ഉമർ ഫാറൂഖിനെ വീട്ടുതടങ്കലിലാക്കുകയും ചെയ്തു. ജുമുഅ നിസ്‌കാരത്തിന് നേതൃത്വം നല്‍കാനെത്തിയപ്പോഴാണ് മിർവായിസിനെ വീട്ടുതടങ്കലിലാക്കിയത്. ഭൂമി, വിഭവങ്ങള്‍, മതം… നിങ്ങള്‍ കശ്മീരികള്‍ക്ക് എല്ലാം നഷ്ടപ്പെടുത്തും- മെഹബൂബ എക്‌സില്‍ കുറിച്ചു. മസ്ജിദിന്റെ ഗേറ്റിന് പുറത്ത് സുരക്ഷാ സൈനികർ നിലയുറപ്പിച്ച ചിത്രങ്ങളും മെഹബൂബ മുഫ്തി എക്‌സില്‍ പങ്കുവെച്ചു.അതേസമയം, ഇതാദ്യമായല്ല മസ്ജിദ് അധികൃതർ അടപ്പിക്കുന്നത്. ഫലസ്തീനികള്‍ക്കായി ഐക്യദാർഢ്യം നടത്തുമെന്നത് മുന്നില്‍ക്കണ്ട് കഴിഞ്ഞ ഒക്‌ടോബർ 13ന് ജുമുഅക്ക് അനുമതി നിഷേധിക്കുകയും മസ്ജിദ് അടച്ചുപൂട്ടുകയും ചെയ്തിരുന്നു. അന്നും മിർവായിസ് ഉമർ ഫാറൂഖിനെ വീട്ടുതടങ്കലിലാക്കിയിരുന്നു.കഴിഞ്ഞ വർഷം മസ്ജിദില്‍ പെരുന്നാള്‍ നിസ്‌കാരത്തിനും അധികൃതർ അനുമതി നിഷേധിച്ചിരുന്നു. സർക്കാർവിരുദ്ധ നീക്കങ്ങള്‍ മസ്ജിദില്‍ നടക്കുന്നുവെന്നാണ് അധികൃതരുടെ ആരോപണം.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *