ആലപ്പുഴയില്‍ ഒബിസി മോര്‍ച്ച നേതാവ് രണ്‍ജിത്ത് കൊലക്കേസില്‍ നടപടി വൈകുന്നെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമാക്കി ബിജെപി. രണ്‍ജിത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിച്ച ആലപ്പുഴയില്‍ എസ്പി ഓഫീസ് മാര്‍ച്ചില്‍ പൊലീസിനെതിരെ ബിജെപി നേതാക്കള്‍ ഉയര്‍ത്തിയത് രൂക്ഷമായ വിമര്‍ശനം. കൊലപാതകത്തിലെ ഗൂഢാലോചനയും തീവ്രവാദ ബന്ധവും പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.
പൊലീസില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഒറ്റുകാരുണ്ടെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് ആരോപിച്ചു. രണ്‍ജീത് ശ്രീനിവാസന്റെ കൊലപാതകത്തിലെ പ്രതികളെ പിടിക്കാന്‍ വൈകുകയാണ് എന്നും എം.ടി. രമേശ് ആരോപിച്ചു. പൊലീസിനു പ്രതികളെ പിടിക്കാനായില്ലെങ്കില്‍ തങ്ങള്‍ പിടിച്ച് തരാമെന്നും പക്ഷേ ശരീരത്തില്‍ കേടുപാടുകളുണ്ടാകുമെന്നും എംടി രമേശ് പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് പേടിയുണ്ടെങ്കില്‍ നിങ്ങളുടെ പ്രതികളുടെ പട്ടിക ഞങ്ങളെ ഏല്‍പിക്കണം എന്ന് പറഞ്ഞായിരുന്നു എംടി രമേശിന്റെ വെല്ലുവിളി.
പോലീസ് പറഞ്ഞ കാര്യങ്ങള്‍ എല്ലാം വിശ്വസിച്ചുവെന്ന് കരുതണ്ട. പോലീസിനോടുളള ബഹുമാനം കൊണ്ടും എന്താണ് ചെയ്യുന്നത് എന്നും കാണാന്‍ വേണ്ടിയുമാണ് കാത്തിരുന്നത്. പക്ഷെ പോലീസ് പറയുന്ന എല്ലാ വിവരക്കേടും വിഡ്ഡിത്തവും വിഴുങ്ങാന്‍ ആകില്ല. കൊലപാതകികള്‍ക്ക് നഗരം വിടാനും ജില്ല വിടാനും കേരളം വിടാനുമുളള നിരീക്ഷണമാണോ പോലീസ് ഒരുക്കിയതെന്നും എംടി രമേശ് ചോദിച്ചു.
പോലീസിലെ ഒരു വിഭാഗത്തിന്റെ സഹായത്തോടു കൂടിയാണ് കൊലപാതകം നടന്നതെന്നും എംടി രമേശ് ആരോപിച്ചു. രണ്‍ജീത് ശ്രീനിവാസന്റെ ചോരയ്ക്ക് ഉത്തരവാദി എസ്ഡിപിഐ മാത്രമല്ല പോലീസുകാരും കൂടിയാണ്. പോപ്പുലര്‍ ഫ്രണ്ടുകാരന്റെയും എസ്ഡിപിഐക്കാരന്റെയും കൊലക്കത്തിക്ക് ഇരയാകുമെന്ന് ഉറപ്പിച്ച് തന്നെയാണ് പതിനായിരക്കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ നിലകൊള്ളുന്നത്. രണ്‍ജിത്തിനെ കൊലപ്പെടുത്തിയത് പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയുമാണെന്ന് സ്ഥിരീകരിച്ചിട്ടും എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് എംടി രമേശ് ചോദിച്ചു.
അതിനിടെ, ആലപ്പുഴയിലെ ബിജെപി നേതാവ് രണ്‍ജിത്ത് വധക്കേസില്‍ നേരിട്ടു പങ്കുളള രണ്ട് മുഖ്യ പ്രതികള്‍ പിടിയിലായി. ആലപ്പുഴ സ്വദേശികളായ പ്രതികളെ പെരുമ്പാവൂരില്‍ നിന്നാണ് പിടികൂടിയത്. ഇവരുടെ അറസ്റ്റ് ഉടനെയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. നേരത്തെ കൊലപാതകത്തില്‍ നേരിട്ട് പങ്കുളള എസ്ഡിപിഐ പ്രവര്‍ത്തകരായ അനൂപ്, അഷ്റഫ്, റസീബ് എന്നീ പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഗൂഢാലോചനയില്‍ നേരിട്ടു പങ്കുളള വെളളകിണര്‍ സ്വദേശിയും എസ്ഡിപിഐ ആലപ്പുഴ ഏരിയാ സെക്രട്ടറി സിനുവിനേയും അറസ്റ്റ് ചെയ്തിരുന്നു.
ഡിസംബര്‍ 19നാണ് ബൈക്കിലെത്തിയ 12 അംഗ സംഘമാണ് ബിജെപി പ്രവര്‍ത്തകനും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ രണ്‍ജിത്തിനെ വെട്ടികൊലപ്പെടുത്തിയത്. പ്രതികള്‍ക്ക് പുറത്തുനിന്നും സഹായം ലഭിക്കുന്നതിനാല്‍ പ്രതികള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് കടന്നേക്കാമെന്നായിരുന്നു പൊലീസ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട്, കര്‍ണാടക, എന്നീ സംസ്ഥാനങ്ങളില്‍ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. 18ന് രാത്രി ഏഴരയോടെ മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനിനെ ഒരുസംഘം വെട്ടിക്കൊന്നിരുന്നു. ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍ നിന്ന് ഇടിച്ചു വീഴ്ത്തി ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഷാനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷാന്‍ വധത്തിന് പിന്നാലെയായിരുന്നു രണ്‍ജിത് വധവും.