കൊച്ചി: ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ യൂത്ത് ലീഗ് നേതാവും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മുയീന്‍ അലി ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നില്‍ ഹാജരാകില്ല. ഇന്ന് രാവിലെ 11 മണിയോടെ ഹാജരായി മൊഴി നല്‍കാനാണ് മുയീന്‍ അലിയോട് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. ചന്ദ്രക ദിനപത്രത്തിനായി ഭൂമി വാങ്ങിയതിലടക്കം ക്രമക്കേട് നടന്നതായി മുയീന്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
ചന്ദ്രിക ദിനപത്രം പ്രതിസന്ധിയിലാകാനുള്ള പ്രധാനപ്പെട്ട കാരണമായി മുയീന്‍ ചൂണ്ടിക്കാണിച്ചത് പി. കെ. കുഞ്ഞാലിക്കുട്ടി എംപി നിയമിച്ച ഫിനാന്‍സ് മാനേജര്‍ അബ്ദുള്‍ സമീറിനെയാണ്. ഇയാളുടെ കഴിവുകേടാണ് പത്രത്തിന്റെ തകര്‍ച്ചക്ക് കാരണമെന്നായിരുന്നു മുയീനിന്റെ ആരോപണം. കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് സമീറിനേയും കുഞ്ഞാലിക്കുട്ടിയേയും ഇഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് മുഈന്‍ അലിയുടെ മൊഴിയെടുക്കുന്നത്.
തന്നെ ചോദ്യം ചെയ്തതല്ലെന്നും സാക്ഷി എന്ന തരത്തില്‍ മൊഴി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും ഇഡിക്ക് മുന്നില്‍ ഹാജരായതിന് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇങ്ങനെ ഒരു അവസരം ലഭിച്ചത് നന്നായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.