മുകേഷ് അംബാനിയേയും പിന്തള്ളി; ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും ധനികന്‍

February 8, 2022
124
Views

ഏഷ്യയില ഏറ്റവും വലിയ ധനികനെന്ന പദവിയില്‍ നിന്ന് മുകേഷ് അംബാനിയെ പിന്തള്ളി ഗൗതം അദാനി. ബ്ലൂംബെര്‍ഗിന്റേയും ഫോര്‍ബ്‌സ് മാസികയുടേയും ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ചാണ് ഗൗതം അദാനിയാണ് ഏഷ്യയിലെ ഏറ്റവും വലിയ ധനികനെന്നതിന് സ്ഥിരീകരണമായത്. തുറമുഖങ്ങളും എയ്‌റോസ്‌പേസ് വ്യവസായങ്ങളും മുതല്‍ ഊര്‍ജം, താപവൈദ്യുതി മുതലായ മേഖലകള്‍ വരെ പരന്നുകിടക്കുന്ന വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയാണ് 59 വയസുകാരനായ അദാനി. കഴിഞ്ഞ ദിവസം മുകേഷ് അംബാനിക്കൊപ്പം അദാനിയും ലോകത്തെ ഏറ്റവും വലിയ ധനികരുടെ പട്ടികയില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബെര്‍ഗിനെ പിന്തള്ളിയിരുന്നു.

ബ്ലൂംബെര്‍ഗ് ബില്യണേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം 88.5 ബില്യണ്‍ ഡോളറാണ് നിലവില്‍ അദാനിയുടെ ആസ്തി. ഏഷ്യയിലെ മറ്റ് ശതകോടീശ്വരന്മാരേയും പോലെ അദാനിയും മഹാമാരിക്കാലത്താണ് തന്റെ സമ്പാദ്യം വലിയ രീതിയില്‍ വര്‍ധിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 40 ബില്യണ്‍ ഡോളറില്‍ താഴെമാത്രമായിരുന്നു അദാനിയുടെ ആസ്തി. കൊവിഡ് വ്യാപനത്തിന്റെ സമയത്ത് അദ്ദേഹം സമ്പാദ്യം ഇരട്ടിയാക്കുയായിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ മുന്‍പ് മുകേഷ് അംബാനിയായിരുന്നു പത്താം സ്ഥാനത്ത്. ഓഹരി വിപണിയിലുള്‍പ്പെടെ കാലാവസ്ഥ അനുകൂലമായതോടെ അദാനി അംബാനിയെ നീക്കി പത്താം സ്ഥാനത്തേക്ക് കടന്നുവരികയായിരുന്നു. കൊവിഡ് വ്യാപന സമയത്ത് ഇന്ത്യന്‍ ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് ഓഹരികള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ അദാനി എന്റര്‍പ്രൈസസിന്റെ ഓഹരികള്‍ 1,000 ശതമാനത്തിലധികം കുതിച്ചുയര്‍ന്നു. പുനരുപയോഗിക്കാനാകുന്ന ഊര്‍ജം, ഹരിത സൗഹൃദ വികസനം മുതലായ മേഖലകളില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രോത്സാഹനം കൂടിയായപ്പോള്‍ അദാനി ഗ്രൂപ്പ് കഴിഞ്ഞ വര്‍ഷം പിടിതരാതെ വളരുകയായിരുന്നു.

ആപ്പിളിന്റെ ഡാറ്റ ഷെയറിംഗ് നയം ഉള്‍പ്പെടെയുള്ളവ ഫേസ്ബുക്കിന് തിരിച്ചടിയായതോടെയാണ് സക്കര്‍ബര്‍ഗ് അംബാനിക്കും അദാനിക്കും പിന്നിലാകുന്നത്. സ്വകാര്യത പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ളവ മൂലം 2021ല്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നു. മെറ്റ ഓഹരികളില്‍ 26 ശതമാനത്തിലധികം ഇടിവാണ് ഉണ്ടായത്. ഒറ്റ ദിവസം കൊണ്ട് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിന് ഉണ്ടായിട്ടുള്ള ഏറ്റവും കനത്ത നഷ്ടമാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിന് ഉണ്ടായത്.

Article Categories:
Latest News · Latest News · World

Leave a Reply

Your email address will not be published. Required fields are marked *