മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു: ഏഴു ഷട്ടറുകളും അടച്ചു; ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്നാട്

November 6, 2021
135
Views

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.50 അടിയായി കുറഞ്ഞു. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിൽ കുറവു വന്നതോടെ സ്പിൽവേയിലെ ഏഴു ഷട്ടറുകളും തമിഴ്നാട് അടച്ചു. ഇനി അടയ്ക്കാനുള്ളത് ഒരു ഷട്ടർ മാത്രമാണ്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ 20 സെന്റിമിറ്ററായി തുറന്നിട്ടുള്ള ഷട്ടറിന്റെ ഉയരം കുറച്ചിട്ടുണ്ട്. സെക്കൻറിൽ 980 ഘനയടി വെള്ളമാണ് ഇപ്പോൾ സ്പിൽവേ വഴി ഇടുക്കിയിലേക്ക് ഒഴുകുന്നത്. ഇതിനിടെ ഇടുക്കിയിലെ ജലനിരപ്പ് ഉയർന്ന് 2398.72 അടിയിലെത്തി. 2398.79 അടിയാണ് റെഡ് അലർട്ട് ലെവൽ.

അതേസമയം, ബേബി ഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കാൻ നടപടിയെടുക്കുമെന്ന് തമിഴ്നാട് ഇന്നലെ വ്യക്തമാക്കി. കോടതി നിർദ്ദേശിച്ച ബേബി ഡാം ബലപ്പെടുത്തൽ പൂർത്തിയായ ശേഷം, ജലനിരപ്പ് 152 അടിയാക്കാൻ നടപടിയെടുക്കുമെന്ന് തമിഴ്നാട് ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുഗനാണ് അറിയിച്ചത്. മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ച് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബേബി ഡാം ബലപ്പെടുത്തിയ ശേഷം അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കാം. ബേബി ഡാം ബലപ്പെടുത്തുന്നതിന് താഴെയുള്ള മൂന്നു മരങ്ങൾ വെട്ടണം. അതിനുള്ള അനുമതി കേരള സർക്കാർ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിണറായി സർക്കാർ അധികാരത്തിലിരിക്കുമ്പോൾ മുല്ലപ്പെരിയാർ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നതിനെതിരെ തമിഴ്നാട്ടിൽ എഐഡിഎംകെ അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. തമിഴ്നാട്ടിലെ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഗണിക്കാതെയാണ് ഡിഎംകെ സർക്കാർ അണക്കെട്ട് തുറക്കാൻ തീരുമാനിച്ചതെന്നായിരുന്നു എഐഡിഎംകെയുടെ ആരോപണം. ഇത് തള്ളിയ മന്ത്രി ദുരൈമുരുഗൻ റൂൾ കർവ് പ്രകാരം ആണ് സ്പിൽ വേ തുറന്നതെന്നും വ്യക്തമാക്കി.

അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിൽ നിന്നും 136 അടിയലേക്ക് താഴ്ത്തണമെന്ന് കേരളം ആവശ്യപ്പെടുന്നതിനിടെയാണ് തമിഴ്നാട് മന്ത്രിയുടെ ജലനിരപ്പ് കൂട്ടുമെന്നുള്ള പ്രസ്താവനയെന്നുള്ളതാണ് ശ്രദ്ധേയം. തമിഴ്നാട്ടിലെ അഞ്ചംഗ മന്ത്രിതല സംഘമാണ് ഇന്നലെ മുല്ലപ്പെരിയാർ സന്ദർശിച്ചത്. മന്ത്രി ദുരൈമുരുകനൊപ്പം സഹകരണം, ധനകാര്യം, വാണിജ്യനികുതി, ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിമാരാണ് മുല്ലപ്പെരിയാറിലെത്തിയത്. ഇവർക്കൊപ്പം ഏഴോളം എംഎൽഎമാരും സ്ഥലം സന്ദർശിച്ചു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *