ന്യൂഡെൽഹി: മുല്ലപ്പെരിയാർ കേസില്‍ കേരളം സുപ്രീംകോടതിയില്‍ മറുപടി നല്കി. പുതിയ അണക്കെട്ട് മാത്രമാണ് ശ്വാശ്വത പരിഹാരം. തമിഴ്നാട് നിശ്ചയിച്ച റൂള്‍കര്‍വ് പുനപരിശോധിക്കണമെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു. അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പിൽ മാറ്റം വരുത്തേണ്ടതില്ലെന്ന മേൽനോട്ട സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് സുപ്രീംകോടതിയിലെ ഹര്‍ജിക്കാരനായ ജോ ജോസഫ് പറഞ്ഞു. സുപ്രീംകോടതിയിൽ നൽകിയ മറുപടി സത്യവാംങ്മൂലത്തിലാണ് ഈ ആവശ്യം.
അശ്രദ്ധമായി അണക്കെട്ടിന്റെ സുരക്ഷ കൈകാര്യം ചെയ്യുന്നതിലൂടെ ജനങ്ങളുടെ ജീവൻ വെച്ച് കളിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം. അണക്കെട്ടിന്റെ റൂൾകര്‍വും ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂളും ഇതുവരെ അന്തിമമായിട്ടില്ല. സുരക്ഷ സംബന്ധിച്ച മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചല്ല അണക്കെട്ട് പ്രവര്‍ത്തിപ്പിക്കുന്നത് എന്നും ജോ ജോസഫ് സുപ്രീംകോടതിയെ അറിയിച്ചു. മേൽനോട്ട സമിതിയുടെ റിപ്പോര്‍ട്ടിൽ സംസ്ഥാന സര്‍ക്കാരും ഉടൻ സുപ്രീംകോടതിയിൽ മറുപടി സത്യവാംങ്മൂലം സമര്‍പ്പിക്കും. ഈമാസം പതിനൊന്നിനാണ് കേസ് സുപ്രീംകോടതി പരിഗണിക്കുക.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നവംബര്‍ 10 വരെ 139.5 അടിയായി ക്രമീകരിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഈ അളവിന് മുകളിൽ ജലനിരപ്പ് ഉയര്‍ത്തണോ എന്നത് നവംബര്‍ 11 ന് സുപ്രീംകോടതി പരിശോധിക്കും. മുല്ലപ്പെരിയാര്‍ വിഷയത്തിലെ തര്‍ക്കം പരിഹരിക്കുന്നതിൽ മേൽനോട്ട സമിതി കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.