പെരിന്തല്‍മണ്ണയില്‍ മ്യൂസിക് ഫെസ്റ്റിനിടെ വൻ സംഘർഷം.
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ മ്യൂസിക് ഫെസ്റ്റിനിടെ വൻ സംഘർഷം. പരിപാടി കാണാനെത്തിയവർ സ്റ്റേജ് തകർക്കുകയും കലാകാരന്മാരെ കയ്യേറ്റം ചെയ്യുകയും ചെയ്തു.
ഇന്നലെ രാത്രി പെരിന്തല്‍മണ്ണ എക്പോ ഗ്രൗണ്ടിലായിരുന്നു സംഭവം. തിരക്കുകാരണം പരിപാടി മുടങ്ങിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്.
അമിത തിരക്കുകാരണം സംഘാടകർ പരിപാടി നിർത്തിവയ്ക്കുകയായിരുന്നു. പിന്നാലെ ടിക്കറ്റെടുത്ത് പരിപാടി കാണാൻ എത്തിയവർ പ്രതിഷേധിച്ചു. റീഫണ്ടിംഗ് ആവശ്യപ്പെട്ടവരോട് പണം തിരികെ നല്കാൻ സാധിക്കില്ലെന്ന് സംഘാടകർ അറിയിച്ചതാണ് പ്രശ്നം വഷളാക്കിയത്. വേദിയിലേക്ക് തള്ളിക്കയറിയ നാട്ടുകാർ സ്റ്റേജ് തല്ലിത്തകർക്കുകയായിരുന്നു. ഗായക സംഘത്തെ കയ്യേറ്റം ചെയ്യുകയും ഉപകരണങ്ങള്‍ തകർക്കുകയും ചെയ്തു.
സംഭവത്തില്‍ പെരിന്തല്‍മണ്ണ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 20 പേർക്കെതിരെയാണ് കേസ്.