പ്രമുഖ കര്‍ണാടക സംഗീതജ്ഞൻ ഒ.എസ്.ത്യാഗരാജന് (76) വിട.
ചെന്നൈ: പ്രമുഖ കര്‍ണാടക സംഗീതജ്ഞൻ ഒ.എസ്.ത്യാഗരാജന് (76) വിട. സംസ്‌കാരം ഇന്നലെ നടന്നു. ഞായറാഴ്‌ച രാവിലെ ടി നഗറിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.
ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു. മാര്‍ഗഴി മാസത്തോടനുബന്ധിച്ച് ചെന്നൈ വേളാച്ചേരിയിലെ നീലകണ്ഠ ശിവൻ കള്‍ച്ചറല്‍ അക്കാഡമിയില്‍ ഇന്നലെ നടക്കാനിരുന്ന സംഗീതോത്സവത്തില്‍ പങ്കെടുക്കാനിരിക്കെയായിരുന്നു അന്ത്യം. അക്കാഡമിയുടെ നീലകണ്ഠ ശിവൻ നാദ സുധാകര പുരസ്കാരത്തിനും അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു. സംഗീതത്തില്‍ പാരമ്ബര്യവും പുതുമയും ഒരുപോലെ കൊണ്ടുപോകാൻ കഴിഞ്ഞ പ്രതിഭയായിരുന്നു ത്യാഗരാജൻ.
1947 ഏപ്രില്‍ മൂന്നിന് ഡല്‍ഹിയില്‍ ജനനം. പിതാവ് സംഗീതഭൂഷണം ഒ.വി.സുബ്രഹ്മണ്യനാണ് ആദ്യ ഗുരു. ടൈഗര്‍ വരദാചാരിയാര്‍, തഞ്ചാവൂര്‍ പൊന്നയ്യപിള്ള എന്നിവരുടെ ശിഷ്യൻ. ക്ഷേത്രമാല, നടനപ്രകാശം, ദേവ ജഗന്നാഥ തുടങ്ങിയ സംഗീത ആല്‍ബങ്ങള്‍ പുറത്തിറക്കി. അമേരിക്ക, കാനഡ, ഓസ്ട്രേലിയ, സിംഗപ്പൂര്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കച്ചേരികള്‍ അവതരിപ്പിച്ചു. അണ്ണാമലൈ സര്‍വകലാശാല ഫൈൻ ആര്‍ട്സ് വകുപ്പില്‍ അദ്ധ്യാപകനും ഡീനുമായിരുന്നു. ദൂരദര്‍ശനിലും പ്രവര്‍ത്തിച്ചു. 2021ലെ സംഗീത നാടക അക്കാഡമി പുരസ്കാരം, സംഗീത കലാസാഗര പുരസ്കാരം, നാദഗാനകലാ പ്രവീണ പുരസ്കാരം, നദന ഭൂഷണം തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഭാര്യ: വൈദേഹി ത്യാഗരാജൻ. മക്കള്‍: അര്‍ച്ചന സ്വാമിനാഥൻ(കുംഭകോണം), അപര്‍ണ ബാലാജി(യു.എസ്), ഭവാനി ശ്രീകാന്ത്(ചെന്നൈ). മരുമക്കള്‍: സ്വാമിനാഥൻ, ബാലാജി(യു.എസ്), ശ്രീകാന്ത്. സംഗീതജ്ഞരായ ഒ.എസ്.അരുണ്‍, ഒ.എസ്.രാമമൂര്‍ത്തി, ഒ.എസ്.ശ്രിധര്‍, ഒ.എസ്.സുന്ദര്‍ എന്നിവര്‍ സഹോദരങ്ങളാണ്.