മരം മുറി കേസ്: വിശ്വാസ്യതയില്ലാത്ത ഉദ്യോഗസ്ഥ; ഒ ജി ശാലിനിക്കെതിരായ പരാമർശം നീക്കം ചെയ്തു

February 16, 2022
85
Views

തിരുവനന്തപുരം: മരം മുറി കേസിൽ റവന്യു വകുപ്പിലെ മുൻ അണ്ടർ സെക്രട്ടറി ഒ ജി ശാലിനിക്കെതിരായ വിശ്വാസ്യതയില്ലാത്ത ഉദ്യോഗസ്ഥയെന്ന പരാമർശം നീക്കം ചെയ്തു. ശാലിനിയുടെ ഗുഡ് സർവ്വീസ് എൻട്രി തിരിച്ചെടുത്ത ഉത്തരവിലാണ് റവന്യൂ സെക്രട്ടറി വിവാദ പരാമർശം ഉൾപ്പെടുത്തത്. പരാമ‌ർശം നീക്കിയെങ്കിലും ​ഗുഡ് സ‌ർവ്വീസ് തിരിച്ചെടുത്ത നടപടിക്ക് മാറ്റമില്ല.

മരം മുറിയുടെ രേഖകൾ ഉന്നത ഉദ്യോഗസ്ഥർ അറിയാതെ വിവരാവകാശം വഴി നൽകിയതിനായിരുന്നു ഉദ്യോ​ഗസ്ഥ‌യ്ക്കെതിരെ നടപടിയെടുത്തത്. റവന്യൂ സെക്രട്ടറിയുടെ ഉത്തരവിനെതിരെ ശാലിനി മന്ത്രിക്ക് പരാതി നൽകിയിരുന്നു. പരാതി ചീഫ് സെക്രട്ടറി പരിശോധിച്ചാണ് പരാമർശം നീക്കിയത്.

പട്ടയവിതരണത്തിൽ ശാലിനി നടത്തിയ പ്രവർത്തനങ്ങളെ പ്രശംസിച്ചാണ് 2021 ഏപ്രിലിൽ ​ഗുഡ് സർവീസ് എൻട്രി നൽകിയത്.‌ മരംമുറി വിഷയത്തിൽ വിവരാവകാശ നിയമപ്രകാരം രേഖകൾ നൽകിയതിന് പിന്നാലെ ഉന്നത ഉദ്യോ​ഗസ്ഥരുടെ നിർ‍ദ്ദേശ പ്രകാരം ശാലിനി അവധിയിൽ പ്രവേശിച്ചു.

ആഭ്യന്തര അന്വേഷണത്തിൽ ശാലിനി നടത്തിയിട്ടുള്ള പ്രവർത്തനങ്ങള്‍ തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഗുഡ് സർവ്വീസ് എൻട്രി പിൻവലിക്കുന്നുവെന്നായിരുന്നു ‌റവന്യൂ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി എ ജയതിലക് ഇറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് ശാലിനിയെ സെക്രട്ടറിയറ്റിന് പുറത്തേക്ക് സ്ഥലംമാറ്റുകയും ചെയ്തിരുന്നു.

ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് റവന്യു ഉത്തരവിന്‍റെ മറവിൽ പട്ടയ ഭൂമിയിൽ നിന്നും വന ഭൂമിയിൽ നിന്നും വ്യാപകമായി മരം മുറിച്ച് കടത്തിയതാണ് വലിയ വിവാദങ്ങളുണ്ടാക്കിയത്. വിവിധ ജില്ലകളിൽ നിന്നാണ് 14.42 കോടിയുടെ മരമാണ് മുറിച്ചു കടത്തിയത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *