എം.വി.ഡി. ഉദ്യോഗസ്ഥന്‍ ലോറി ഡ്രൈവറുടെ ചെകിട്ടത്തടിച്ചു; കര്‍ണപുടത്തിനു ക്ഷതം

February 19, 2024
27
Views

അമിതഭാരം കയറ്റിയതിനു പിടിക്കപ്പെട്ട ലോറിയുമായി കടന്നുകളയാന്‍ ശ്രമിച്ച ഡ്രൈവറെ മോട്ടര്‍ വാഹന ഉദ്യോഗസ്ഥന്‍ ചെകിട്ടത്തടിച്ചെന്നു പരാതി.

തൃശൂര്‍: അമിതഭാരം കയറ്റിയതിനു പിടിക്കപ്പെട്ട ലോറിയുമായി കടന്നുകളയാന്‍ ശ്രമിച്ച ഡ്രൈവറെ മോട്ടര്‍ വാഹന ഉദ്യോഗസ്ഥന്‍ ചെകിട്ടത്തടിച്ചെന്നു പരാതി.

കര്‍ണപുടത്തിനു ക്ഷതമേറ്റ നിലയില്‍ നെല്ലായി കയ്പഞ്ചേരി ഷിബില്‍ ഷിന്നിയെ (25) തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ ഷിബില്‍ പരാതി നല്‍കിയിട്ടുണ്ട്.

എന്നാല്‍, ലോറിയുമായി രക്ഷപ്പെട്ട ഷിബിലിനെ തടഞ്ഞുനിര്‍ത്തിയപ്പോള്‍ തന്നെ ആക്രമിച്ചു തള്ളിവീഴ്ത്തിയെന്നും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നുംകാട്ടി തൃശൂര്‍ ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് എഎംവിഐ പയസ് ഗിറ്റ് പൊലീസിനു പരാതി നല്‍കി. 14നു രാത്രി 11.30നു ജിയോളജി, പൊലീസ്, മോട്ടര്‍ വാഹന വകുപ്പുകള്‍ ചേര്‍ന്നു നടത്തിയ സ്‌പെഷല്‍ ഡ്രൈവിനിടെ പാലിയേക്കരയിലാണു സംഭവം. നടന്നത്.

നെടുമ്ബാശ്ശേരിക്കു കരിങ്കല്ലുമായി പോയിരുന്ന ലോറിയില്‍ കൂടുതല്‍ ഭാരം കയറ്റിയിട്ടുണ്ടെന്നു കണ്ടതോടെ മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഭാരം പരിശോധിക്കാന്‍ പുതുക്കാട്ടെ വേയിങ് ബ്രിജിലേക്കു ലോറി എത്തിക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍, ഷിബില്‍ വാഹനം ഓടിച്ചു പോകുകയായിരുന്നു. ഈ ലോറി ഉദ്യോഗസ്ഥര്‍ പുതുക്കാട് കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം തടഞ്ഞു. ഈ സമയത്ത് ഒരു ഉദ്യോഗസ്ഥന്‍ മുഖത്തടിച്ചെന്നും തന്റെ കണ്ണട ഊരിത്തെറിച്ചു പോയെന്നും ഷിബിലിന്റെ പരാതിയില്‍ പറയുന്നു. അമിത ഭാരം കണ്ടെത്തിയാല്‍ തന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന ഭയത്താല്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതാണെന്നും ഷിബില്‍ പറയുന്നു.

എന്നാല്‍, വാഹനത്തില്‍ നിന്നിറങ്ങി തന്നെ തള്ളിയിട്ടശേഷം ഷിബില്‍ ഓടിരക്ഷപ്പെട്ടെന്നാണ് ഉദ്യോഗസ്ഥന്റെ പരാതി. കര്‍ണപുടത്തിനു ഗുരുതര ക്ഷതമുണ്ടെന്നും ഒന്നോ രണ്ടോ മാസത്തിനകം കേള്‍വിത്തകരാര്‍ ഭേദമായില്ലെങ്കില്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചെന്നു ഷിബില്‍ പറഞ്ഞു.

അനുവദനീയമായതിനേക്കാള്‍ 25 ടണ്‍ അധികം ഭാരം കയറ്റിയെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു ടിപ്പര്‍ ഉടമയില്‍ നിന്ന് 47,500 രൂപ പിഴ ഈടാക്കിയതായും ഷിബിലിനു നോട്ടിസ് നല്‍കിയതായും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ജെബി ഐ. ചെറിയാന്‍ പറഞ്ഞു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *