തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ ഉൾപ്പടെ പലയിടത്തും എൻ95 മാസ്കിന് കടുത്ത ക്ഷാമം. വിപണിയിൽ കിട്ടാനില്ലാത്തതിനാലാണ് കിട്ടാൻ വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ഇതിനിടെ കൊറോണ ലക്ഷണങ്ങളുമായി എത്തുന്നവരിൽ ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രം പരിശോധനക്ക് അയച്ചാൽ മതിയെന്ന നിർദേശവും പല ജില്ലകൾക്കും നൽകി കഴിഞ്ഞു.
കൊറോണ രോഗികൾ കൂടുതലുള്ള എറണാകുളം ജില്ലയിലാണ് എൻ 95 മാസ്കിന് കടുത്ത ക്ഷാമം. ജനറൽ ആശുപത്രിയിലടക്കം മാസ്ക് കിട്ടാനില്ല. ഇതോടെ ഓപി നടത്തുന്നതടക്കം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. മറ്റു ജില്ലകളിലേയും സ്ഥിതി വ്യത്യസ്തമല്ല. കടുത്ത ക്ഷാമം നേരിടുന്ന ചില ആശുപത്രികൾ ആശുപത്രി വികസന സൊസൈറ്റിയുടെ ഫണ്ടിൽ നിന്നും പണമെടുത്ത് കാരുണ്യയിൽ നിന്നടക്കം മാസ്കുകൾക്ക് ഒർഡർ നൽകി.
എന്നാൽ ആവശ്യപ്പെടുന്ന മാസ്കിന്റെ പകുതി പോലും എത്തിക്കാൻ കാരുണ്യ ഫാർമസികൾക്ക് കഴിയുന്നില്ല. 15 ദിവസം മുമ്പ് ഓർഡർ നൽകിയ എറണാകുളം ജനറൽ ആശുപത്രിക്ക് ഇന്നലെ കിട്ടിയത് 470 മാസ്കുകൾ മാത്രം. വിപണിയിൽ ക്ഷാമമുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. മെഡിക്കൽ സർവീസസ് കോർപറേഷന്റെ കൈവശമുള്ളതാകട്ടെ വെറും 368212 എൻ95 മാസ്കുകൾ മാത്രം. ഇത് സംസ്ഥാനത്തുടനീളമുള്ള സർക്കാർ ആശുപത്രികളുടെ പ്രവർത്തനത്തിന് മതിയാകില്ലെന്നുറപ്പ്.
കൂടുതൽ ആരോഗ്യപ്രവർത്തകർ കൊറോണ ബാധിതരാകുന്നത് ചികിൽസയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന ഈ അവസരത്തിലാണ് മാസ്കുകളെത്തിക്കാൻ കഴിയാതെ സർക്കാർ വലയുന്നത്. ഇങ്ങനെ പോയാൽ നിലവിലുള്ളതിനേക്കാൾ കൂടുതൽ ആരോഗ്യ പ്രവർത്തകർ രോഗ ബാധിതരാകും. രോഗലക്ഷണങ്ങൾ ഉള്ളവർ പോലും മാനദണ്ഡം പാലിച്ച് ഡ്യൂട്ടിയിൽ കയറണമെന്ന നിർദേശം നിലനിൽക്കെ പ്രതിരോധത്തിന് ക്ഷാമം തടസമാകും
ഇതിനിടെ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തുന്ന, കിടത്തി ചികിൽസ വേണ്ടിവരുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് മാത്രം കൊറോണ പരിശോധന നടത്തിയാൽ മതിയെന്ന നിർദേശവും ആശുപത്രികൾക്ക് ലഭിച്ചിട്ടുണ്ട്. ലക്ഷണങ്ങളുമായി എത്തുന്നവരെ പരിശോധന നടത്താതെ തന്നെ കൊറോണ ബാധിതരായി കണക്കാക്കണമെന്ന നിർദേശവുമുണ്ട്. ജില്ലാ സർവൈലൻസ് ഓഫിസർമാർ വഴിയാണ് ഈ നിർദേശം ആശുപത്രികൾക്ക് നൽകിയത്.
സർക്കാർ സ്വകാര്യ മേഖലയിൽ കൊറോണ പരിശോധന നടത്താൻ എത്തുന്നവരുടെ എണ്ണം കൂടിയെന്നും ഇത്രയധികം പരിശോധന നടത്താനുള്ള മാനവ വിഭവശേഷിയും ഭാതിക സാഹചര്യങ്ങളും കുറവാണെന്ന് ആരോഗ്യവകുപ്പ് തന്നെ സമ്മതിക്കുന്നുണ്ട്. 24 മണിക്കൂറിനകം ആർ ടി പി സി ആർ പരിശോധന ഫലം നൽകണമെന്ന ഉത്തരവ് നിലവിലുണ്ടെങ്കിലും 2 ദിവസം വരെ ഫംല ലഭിക്കാൻ കാത്തിരിക്കേണ്ട അവസ്ഥയാണിപ്പോൾ സംസ്ഥാനത്ത്.