രാത്രി സി.ഐക്ക് നേരെ ആക്രമണം നടത്തിയെന്ന് ആരോപിച്ച് യുവനടനെയും സിനിമ എഡിറ്ററെയും അറസ്റ്റ് ചെയ്തു.
കൊച്ചി: രാത്രി സി.ഐക്ക് നേരെ ആക്രമണം നടത്തിയെന്ന് ആരോപിച്ച് യുവനടനെയും സിനിമ എഡിറ്ററെയും അറസ്റ്റ് ചെയ്തു.
തൃശൂര്‍ സ്വദേശി വീരാന്മരില്‍ വീട്ടില്‍ സനൂപ് കുമാര്‍ (28), സുഹൃത്ത് പാലക്കാട് ഒറ്റപ്പാലം വാണിയംകുളം വെള്ളറപ്പാറ വീട്ടില്‍ രാഹുല്‍ രാജ് (30) എന്നിവരാണ് അറസ്റ്റിലായത്.
എന്നാല്‍, ഇരുവരെയും നടുറോഡിലിട്ട് പൊലീസ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പൊലീസ് ഇവരെ ചവിട്ടുന്നത് കണ്ടു നിന്ന ആളുകള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. റാസ്പുട്ടിന്‍ ഗാനം മദ്യപാനി അവതരിപ്പിക്കുന്ന രീതിയില്‍ ചെയ്ത് സമൂഹമാധ്യമങ്ങളില്‍ സനൂപ് താരമായിരുന്നു.
തിങ്കളാഴ്ച അര്‍ധരാത്രി കലൂര്‍ ദേശാഭിമാനി ജങ്ഷനിലാണ് സംഭവം. തട്ടുകടയുടെ മുന്നില്‍ പാര്‍ക്ക് ചെയ്ത ബൈക്കുകള്‍ ഗതാഗത തടസ്സം സൃഷ്ടിച്ചെന്ന് പറഞ്ഞ് എത്തിയ പൊലീസ്, ബൈക്കുകളുടെ രേഖകള്‍ ആവശ്യപ്പെട്ടു. ഇത് കൈവശമില്ലെന്നും വീട്ടിലാണെന്നും പരിവാഹന്‍ സൈറ്റില്‍നിന്ന് പൊലീസിന് എടുത്തുകൂടെയെന്നും ഇവര്‍ ചോദിച്ചു. ഇതേചൊല്ലിയുണ്ടായ വാക്തര്‍ക്കമാണ് അറസ്റ്റിലേക്ക് എത്തിയ സംഭവങ്ങള്‍ക്ക് ഇടയാക്കിയത്. വാഹനത്തിന്റെ രേഖകള്‍ ചോദിച്ച എറണാകുളം നോര്‍ത്ത് സി.ഐയെയും സംഘത്തെയും ആക്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. സംഭവസ്ഥലത്തുനിന്ന് നാല് ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടെന്നും പൊലീസ് പറയുന്നു.
ഹാര്‍ഡ് കോപ്പി ഹാജരാക്കുന്നത് എന്തിന്, പരിവാഹനില്‍നിന്ന് രേഖകള്‍ എടുത്തുകൂടെ എന്നെല്ലാം ചോദിച്ച് യുവനടനും ഒപ്പമുണ്ടായിരുന്നയാളും വാക്തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും സി.ഐയെയും പൊലീസുകാരെയും ആക്രമിച്ചു എന്നുമാണ് പൊലീസ് പറയുന്നത്. സംഭവസ്ഥലത്ത് റോഡിലേക്ക് ബൈക്ക് പാര്‍ക്ക് ചെയ്യുന്നതുമൂലം ഗതാഗതതടസ്സമുണ്ടാകുന്നതായി പരാതി ഉണ്ടായിരുന്നുവെന്നും ആളുകള്‍ അവിടെ തമ്ബടിക്കാന്‍ അനുവദിക്കരുത് നിര്‍ദേശിച്ചിരുന്നതായും പൊലീസ് പറയുന്നു.
തിങ്കളാഴ്ച അര്‍ധരാത്രി നോര്‍ത്ത് സി.ഐയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയപ്പോള്‍ ബൈക്കുകള്‍ റോഡിലേക്ക് ഇറക്കി പാര്‍ക്ക് ചെയ്തിരുന്നു. വാഹനങ്ങളുടെ നമ്ബറുകള്‍ നോക്കി അവക്ക് പിഴ ചുമത്തുന്നതിന് മുതിരവെ നേരത്തേ പൊലീസ് ബ്ലാക്ക് ലിസ്റ്റില്‍പെടുത്തിയ ബുള്ളറ്റ് ശ്രദ്ധയില്‍പെട്ടു. ഒരു ബൈക്കിന്‍റെ കീചെയിന്‍ കത്തിയുടെ രൂപത്തിലുള്ളതായിരുന്നു. അതിന്‍റെ ഉടമകളെ കണ്ടെത്താനായിട്ടില്ല. മറ്റ് വാഹനങ്ങളുടെ രേഖകള്‍ അന്വേഷിച്ചപ്പോഴാണ് യുവനടനും സുഹൃത്തുക്കളായ അഞ്ചുപേരും രേഖകള്‍ കൈവശമില്ല എന്ന് അറിയിച്ചത്. ബൈക്കുകള്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞ് ആക്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സി.ഐ, എ.എസ്.ഐ തുടങ്ങിയവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു