അച്ഛന്റെ വെട്ടേറ്റ് കൊല്ലപ്പെട്ട ആറു വയസുകാരി നക്ഷത്രയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.
ആലപ്പുഴ; അച്ഛന്റെ വെട്ടേറ്റ് കൊല്ലപ്പെട്ട ആറു വയസുകാരി നക്ഷത്രയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.
നട്ടെല്ലും തലയൊട്ടിയും ചേരുന്ന ഭാഗത്താണ് കുട്ടിയ്ക്ക് വെട്ടേറ്റത്. മുറിവിന് പത്ത് സെന്റീമീറ്ററോളം ആഴമുണ്ട്. തലയ്ക്ക് പിന്നില്‍ നിന്ന് വായയുടെ ഉള്‍ഭാഗം വരെ മുറിഞ്ഞു. ഇരു ചെവികളും രണ്ട് കഷ്ണങ്ങളായെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. വിശദമായ റിപ്പോര്‍ട്ട് പോലീസിന് കൈമാറി.
ബുധനാഴ്ച രാത്രി ഏഴരയോടെയാണു ആറുവയസ്സുകാരി നക്ഷത്രയെ അച്ഛൻ ശ്രീമഹേഷ് വെട്ടിക്കൊലപ്പെടുത്തിയത്. മഴു ഉപയോഗിച്ചായിരുന്നു ഇയാള്‍ കൊല നടത്തിയത്. നക്ഷത്രയുടേത് ആസൂത്രിക കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. കൊല നടത്താനായി ഇയാള്‍ ഓണ്‍ലൈനില്‍ നിന്ന് മഴു വാങ്ങാൻ ശ്രമിച്ചിരുന്നു. ഓണ്‍ലൈനില്‍ മഴു ഓര്‍ഡര്‍ ചെയ്‌തെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് മഴു മാവേലിക്കരയില്‍ നിന്നും പണികഴിപ്പിച്ചെടുക്കുകയായിരുന്നു.
മകള്‍ നക്ഷത്ര, അമ്മ സുനന്ദ, വിവാഹം ആലോചിച്ച പൊലീസ് ഉദ്യോഗസ്ഥ എന്നിവരെയാണ് കൊല്ലാന്‍ ലക്ഷ്യമിട്ടത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അമ്മയേയും ഇയാള്‍ മഴു കൊണ്ട് ആക്രമിച്ചു. പൊലീസ് ഉദ്യോഗസ്ഥ വിവാഹത്തില്‍ നിന്നും പിന്മാറിയിരുന്നു. അമ്മ സുനന്ദയും മകനെ കുറ്റപ്പെടുത്തി രംഗത്തു വന്നിരുന്നു. ഇതെല്ലാം ശ്രീമഹേഷിനെ ചൊടിപ്പിച്ചതായാണ് പൊലീസിന്റെ നിഗമനം. ശ്രീമഹേഷിന്റെ സ്വഭാവദൂഷ്യമാണ് പൊലീസ് ഉദ്യോഗസ്ഥ വിവാഹത്തില്‍ നിന്നും പിന്മാറാന്‍ കാരണമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.