ചേര്‍ത്തല: ആര്‍എസ്‌എസ് മുഖ്യശിക്ഷക് ആയിരുന്ന നന്ദുവിന്റെ കൊലപാതകമാണ് എസ്‍ഡിപിഐ സംസ്ഥാന നേതാവ് കെഎസ് ഷാനിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതിന് പിന്നിലെന്ന് സൂചന. ഷാന്‍ താമസിച്ചിരുന്ന വീട് അപചരിതരായ ചിലര്‍ നിരന്തരം നിരീക്ഷിച്ചുവെന്നാണ് അയല്‍ക്കാരും ബന്ധുക്കളും നല്‍കുന്ന വിവരം. ഇന്‍ഷൂറന്‍സ് വിവരങ്ങള്‍ അന്വേഷിക്കാനെന്ന പേരില്‍ ചിലരെത്തി ഷാനിന്റെ വിവരങ്ങള്‍ തേടിയത് സംശയത്തിന് ബലം വര്‍ദ്ധിപ്പിക്കുന്നത്. എന്നാല്‍ ഇത് ഭീഷണിയുടെ ഭാഗമല്ലെന്ന് വിലയിരുത്തലിലായിരുന്നു ഷാന്‍. ഭാര്യ സംശയ സൂചന നല്‍കിയിരുന്നെങ്കിലും ഷാന്‍ ഇത് കാര്യമായി എടുത്തിരുന്നില്ല.
വയലാര്‍ തട്ടാംപറമ്ബ് നന്ദു കൃഷ്ണ(22) കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ എസ്ഡിപിഐക്കെതിരെ പ്രതികാര ആക്രമണം നടത്താന്‍ ആര്‍എസ്‌എസ് പദ്ധതിയിട്ടിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന സൂചന. വയലാറിലെ മുഖ്യശിക്ഷക് ആയിരുന്ന നന്ദുവിനെയും സുഹൃത്തിനെയും സംഘര്‍ഷത്തിനിടെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ വെട്ടുകയായിരുന്നു. നന്ദു കൃഷ്ണ ആശുപത്രിയിലെത്തും മുന്‍പ് മരണപ്പട്ടു. സുഹൃത്തിന്റെ ഇടതു കൈക്ക് മാരകമായി പരിക്കേറ്റിരുന്നു.
നന്ദു കൊലപാതകത്തില്‍ പ്രത്യാക്രമണം നടത്താന്‍ ഏറെ നാളുകളായി ഗൂഢാലോചന നടക്കുന്നതായിട്ടാണ് നിലവില്‍ പൊലീസിന്റെ നിഗമനം. അയല്‍വാസികളുടെ മൊഴി പ്രകാരം നിരവധി അപരിചതര്‍ ഷാന്റെ വീടിന്റെ പരിസരത്ത് വന്നിരുന്നു. രാത്രികാലങ്ങളില്‍ വാഹനത്തിന്റെ ശബ്ദവും കേട്ടിരുന്നു. പൊതുവെ ക്രിമിനല്‍ കേസുകളില്‍ പ്രതിയല്ലാത്ത നേതാക്കള്‍ക്കെതിരെ ആക്രമണം ഉണ്ടാവുന്നത് പതിവല്ല. അതുകൊണ്ട് ഷാനിനെതിരായ ആക്രമണം എസ്ഡിപിഐയും പ്രതീക്ഷിച്ചിരുന്നില്ല.
ആര്‍എസ്‌എസ് പ്രതികാരം ചെയ്യുമെന്ന് പൊലീസിന് വിവരമുണ്ടായിരുന്നുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടും സൂചിപ്പിക്കുന്നത്. ചേര്‍ത്തലയില്‍ ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമാണ് ഷാന്റേതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മൂന്നു ദിവസം ഷാനിനെ കൊല്ലുന്നതിന് വേണ്ടി പദ്ധതിയിട്ടു. അഞ്ചു പേര്‍ കൃത്യത്തില്‍ പങ്കെടുത്തതായി സൂചന ഒരാള്‍ ബൈക്കില്‍ വിവരങ്ങള്‍ നല്‍കി നാലുപേര്‍ കാറില്‍ എത്തിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ആര്‍എസ്‌എസിനെ നേതൃത്വത്തിന് അറിവോടെയാണ് കൊലപാതകം കൃത്യത്തിന് ശേഷം പ്രതികള്‍ തങ്ങിയത് ആര്‍എസ്‌എസ് കാര്യാലയത്തിലാണ്. അവിടെ നിന്നാണ് രണ്ട് പേര്‍ പിടിയിലായത്.
അതേസമയം നന്ദു വധവുമായി ബന്ധപ്പെട്ട് തിരിച്ചടി കിട്ടിയാല്‍ പ്രത്യാക്രമണം നടത്താന്‍ എസ്ഡിപിഐ സജ്ജമായിരുന്നുവെന്നാണ് സൂചന. ഷാന്‍ കൊല്ലപ്പെട്ട് രണ്ട് മണിക്കൂറിനുള്ളില്‍ ചിലര്‍ രഞ്ജിത്ത് ശ്രീനിവാനസന്റെ വീടിന്റെ പരിസരത്ത് എത്തി. പൊലീസിന് യാതൊരു സൂചനയും ഇക്കാര്യത്തിലുണ്ടായിരുന്നില്ല. ഇത് പ്രതികള്‍ക്ക് ഗുണകരമായി. ബൈക്കുകളില്‍ ചിലര്‍ വീടിന്റെ പരിസരത്ത് നിരീക്ഷണത്തിന് മാത്രമായി എത്തിയെന്നും സൂചനയുണ്ട്. രഞ്ജിത്തിന്റെ കഴുത്ത്, തല, നെഞ്ച് എന്നിവിടങ്ങളിലാണ് പ്രധാനമായും വെട്ടേറ്റത്. നെഞ്ചിലേറ്റ മുറിവില്‍ തുടങ്ങി എല്ലാം കൃത്യമായ ശാസ്ത്രീയ അറിവിന്റെ അടിസ്ഥാനത്തിലാണ് എന്നാണ് പൊലീസ് നിഗമനം.