ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായി നിൽക്കുന്ന ഘട്ടത്തിൽ ഉത്തർപ്രദേശിലെ പിന്നാക്ക വിഭാഗ നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിടുന്നത് വലിയ കാര്യമല്ലെന്ന് ബിജെപി. തങ്ങൾക്ക് ജനങ്ങളുടെ അനുഗ്രഹമുണ്ടെന്ന് കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞു.
പിന്നാക്ക വിഭാഗനേതാക്കളായ മന്ത്രിമാരും എംഎൽഎമാരും തുടർച്ചയായി ബിജെപിയിൽ നിന്ന് രാജിവെക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
‘ഉത്തർപ്രദേശിലെ രാജി വലിയ കാര്യമല്ല. സംസ്ഥാനത്ത് എല്ലായിടത്തുനിന്നും ബിജെപിക്ക് പിന്തുണ ലഭിക്കുന്നുണ്ട്. ജനങ്ങളുടെ അനുഗ്രഹം ഞങ്ങൾക്കുണ്ട്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിൽ സർക്കാർ രൂപവത്കരിക്കുന്നതിൽ ബിജെപി വിജയിക്കും’, തോമർ പറഞ്ഞു.
രാജസ്ഥാനിലെ അൽവാർ പീഡനത്തിൽ കോൺഗ്രസിനെതിരെയും തോമർ രംഗത്തെത്തി. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം സംഭവങ്ങൾ തുടർച്ചയായി ഉണ്ടാകാൻ കാരണം അവർ ക്രമസമാധാനപാലനത്തിൽ കാര്യമായ ശ്രദ്ധ ചെലുത്താത്തതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടികൾ അവരുടെ വ്യക്തിപരമായ നേട്ടങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ പൊതുജനങ്ങളെ സംരക്ഷിക്കുന്നതിൽ അവർ എപ്പോഴും പരാജയപ്പെടുമെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.