നരേന്ദ്രഗിരിയുടെ സംസ്കാരച്ചടങ്ങുകൾ പൂർത്തിയായി: പ്രതിയായ ആനന്ദ് ഗിരിയെ കോടതിയിൽ ഹാജരാക്കി

September 22, 2021
427
Views

ന്യൂ ഡെൽഹി: അഖിലേന്ത്യാ അഖഡാ പരിഷത്ത് അധ്യക്ഷൻ നരേന്ദ്രഗിരിയുടെ സംസ്കാരച്ചടങ്ങുകൾ പൂർത്തിയായി. പ്രയാഗ് രാജിലെ ആശ്രമത്തിലാണ് സംസ്കാരച്ചടങ്ങുകൾ നടന്നത്. രാവിലെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായിരുന്നു. ശ്വാസമുട്ടിയുള്ള മരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.

ഇതിനിടെ അഖാഡ പരിഷത്തിന്റെ പുതിയ അധ്യക്ഷനെ തീരുമാനിക്കാൻ പരിഷത്തിന്റെ യോഗം പതിനാറ് ദിവസത്തിന് ശേഷം ചേരും. അതേസമയം കേസിൽ പ്രതിയായ ആനന്ദ് ഗിരിയെ കോടതിയിൽ ഹാജരാക്കി. 14 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

അഖിലേന്ത്യ അഖാഡ പരിഷത്ത് അധ്യക്ഷന്‍ മഹന്ദ് നരേന്ദ്രഗിരിയുടെ മരണത്തില്‍ പ്രധാന പ്രതിയും അടുത്ത അനുയായിയുമായ ആനന്ദ് ഗിരിയെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തതത്. ആത്മഹത്യയെ തുടര്‍ന്ന് ആനന്ദ് ഗിരിയെ ഹരിദ്വാറില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിനാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. കേസിലെ എല്ലാ വശങ്ങളും അന്വേഷിക്കുമെന്ന് പ്രഗ്യാരാജ് എസ്പി പറഞ്ഞു. സ്വാമിയുടെ മരണത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥും പറഞ്ഞു.

സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നരേന്ദ്രഗിരിയുടെ അനുയായികളില്‍ ഒരു വിഭാഗം അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. ആനന്ദഗിരിക്ക് പുറമെ മറ്റ് അഞ്ചുപേരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് പ്രയാഗ്‌രാജിലെ മഠത്തില്‍ നരേന്ദ്രഗിരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. ഏഴുപേജ് വരുന്ന ആത്മഹത്യാ കുറിപ്പില്‍ ശിഷ്യനായ ആനന്ദ്ഗിരിക്കെതിരെ പരാമര്‍ശമുണ്ടെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ ഐജി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ മഠത്തില്‍ എത്തിയിരുന്നു. നരേന്ദ്രഗിരിയുടെ മറ്റൊരു അനുയായിയായ അമിര്‍ഗിരി നല്‍കിയ പരാതിയിലാണ് ആത്മഹത്യാ പ്രേരണയ്ക്ക് കേസ് എടുത്തത്. കേസില്‍ നിലവില്‍ ആനന്ദ്ഗിരിയെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ആശ്രമവുമായി ബന്ധപ്പെട്ടുള്ള ചില തര്‍ക്കങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *