ഇത്തവണയും സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഹിമാചല്‍ പ്രദേശ്: ഇത്തവണയും സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിമാചലിലെ ലെപ്ചയിലാണ് പ്രധാനമന്ത്രി സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചത്.
നമ്മുടെ സൈന്യം ഹിമാലയം പോലെ അചഞ്ചലമായി നിലകൊള്ളുന്നിടത്തോളം കാലം ഇന്ത്യ സുരക്ഷിതമാണെന്ന് സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ലോകമെമ്ബാടും സംഘര്‍ഷങ്ങള്‍ നടക്കുമ്ബോള്‍ രാജ്യത്തിന്റെ അതിര്‍ത്തി സുരക്ഷിതമാക്കുന്നതിലെ സൈന്യത്തിന്റെ പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു.
‘ലോകത്തിന്റെ ഇന്നത്തെ സാഹചര്യം കണക്കിലെടുത്താല്‍, ഇന്ത്യയിലുള്ള പ്രതീക്ഷകള്‍ തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍, ഇന്ത്യയുടെ അതിര്‍ത്തികള്‍ സുരക്ഷിതമായി തുടരേണ്ടത് പ്രധാനമാണ്. രാജ്യത്ത് സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ നിങ്ങള്‍ക്ക് വലിയ പങ്കുണ്ട്.’- അദ്ദേഹം സൈന്യത്തോട് പറഞ്ഞു. കൂടാതെ ഇന്ത്യയുടെ സൈന്യവും സുരക്ഷാ സേനയും രാഷ്ട്രനിര്‍മ്മാണത്തില്‍ നിരന്തരം സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍മി ജവാന്‍മാര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്ന തനറെ ശീലത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. കഴിഞ്ഞ 30 മുതല്‍ 35 വര്‍ഷമായി താന്‍ അത് ചെയ്യുന്നുണ്ടെന്നും ഗുജറാത്ത് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകുന്നതിന് മുമ്ബ് തന്നെ ഈ ശീലമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘കുടുംബമുള്ളിടത്ത് മാത്രം ഉത്സവം ആഘോഷിക്കുമെന്ന് പറയപ്പെടുന്നു, എന്നാല്‍ ഇന്ന് നിങ്ങള്‍ കുടുംബങ്ങളില്‍ നിന്ന് അകന്ന് അതിര്‍ത്തികളില്‍ നിലയുറപ്പിച്ചിരിക്കുന്നു. കര്‍ത്തവ്യത്തോടുള്ള നിങ്ങളുടെ സമര്‍പ്പണ മനോഭാവമാണ് ഇത് കാണിക്കുന്നത്.’ കുടുംബത്തില്‍ നിന്ന് അകന്ന് ദീപാവലി ആഘോഷിക്കുന്ന സൈനികരെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.