റഷ്യയ്ക്ക് ഭൂമി, ഉക്രയ്ന് നാറ്റോ അംഗത്വം ; നിര്‍ദേശവുമായി നാറ്റോ ഉദ്യോഗസ്ഥന്‍

August 17, 2023
21
Views

ഉക്രയ്ൻ യുദ്ധം അവസാനിപ്പിക്കാൻ പുതിയ നിര്‍ദേശവുമായി നാറ്റോ ഉന്നത ഉദ്യോഗസ്ഥൻ.

ബ്രസല്‍സ് റഷ്യ– ഉക്രയ്ൻ യുദ്ധം അവസാനിപ്പിക്കാൻ പുതിയ നിര്‍ദേശവുമായി നാറ്റോ ഉന്നത ഉദ്യോഗസ്ഥൻ. റഷ്യ പിടിച്ചെടുത്ത ഭാഗങ്ങള്‍ റഷ്യക്കുതന്നെ വിട്ടുനല്‍കുകയും പകരം ഉക്രയ്ന്റെ ആവശ്യമായ നാറ്റോ അംഗത്വം നിറവേറ്റുകയും ചെയ്യുക എന്ന നിര്‍ദേശമാണ് നാറ്റോ സെക്രട്ടറി ജനറലിന്റെ ചീഫ് ഓഫ് സ്റ്റാഫ് സ്റ്റെയ്ൻ ജെൻസെൻ മുന്നോട്ടുവച്ചത്.

നോര്‍വെയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജെൻസെൻ.

എന്നാല്‍, നാറ്റോ നിര്‍ദേശത്തിനെതിരെ ശക്തമായ പ്രതികരണവുമായി ഉക്രയ്ൻ രംഗത്തെത്തി. റഷ്യക്ക് സ്ഥലം വിട്ടുകൊടുക്കുന്നത് അവരുടെ കടന്നുകയറ്റത്തെ അംഗീകരിക്കുന്നതിന് തുല്യമാകുമെന്ന് ഉക്രയ്ൻ പ്രസിഡന്റിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് മിഖൈലോ പൊഡൊല്യാക് പറഞ്ഞു. നിര്‍ദേശം ഉക്രയ്ൻ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉക്രയ്ന്റെ വിമര്‍ശത്തെതുടര്‍ന്ന് ഔദ്യോഗിക വിശദീകരണവുമായി നാറ്റോ രംഗത്തെത്തി. ഉക്രയ്ന് നല്‍കിവന്ന പിന്തുണയില്‍ മാറ്റമുണ്ടാകില്ലെന്നും വ്യക്തമാക്കി. അതേസമയം, പാശ്ചാത്യരാജ്യങ്ങള്‍ വൻതോതില്‍ ആയുധങ്ങള്‍ നല്‍കിയിട്ടും ഉക്രയ്ന് റഷ്യക്കെതിരെ വലിയ മുന്നേറ്റം സാധ്യമാക്കാനായിട്ടില്ല. ബുധനാഴ്ച നികൊലായേവിലെ ഉക്രയ്ന്റെ റഡാര്‍ സംവിധാനം റഷ്യ തകര്‍ത്തു. 24 മണിക്കൂറില്‍ 143 കേന്ദ്രത്തില്‍ ആക്രമണം നടത്തിയതായി റഷ്യ പറഞ്ഞു. ഡൊണെട്സ്കില്‍ 250 ഉക്രയ്ൻ പട്ടാളക്കാരെ വധിച്ചതായും റഷ്യ അവകാശപ്പെട്ടു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *