നവ്യനായർ ചിത്രം ‘ഒരുത്തി’ മാർച്ച് 11ന് തീയറ്ററുകളിലേക്ക്

February 21, 2022
121
Views

ഒരു വീട്ടമ്മയുടെ അതിജീവനകഥയുമായി പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം മലയാള സിനിമയിലേക്ക് നവ്യാ നായര്‍ തിരിച്ചുവരുന്ന ‘ഒരുത്തി’മാർച്ച് 11ന് തിയേറ്ററിലെത്തും.

വളരെ സാധാരണക്കാരിയായ വീട്ടമ്മയാണ് രാധാമണി (നവ്യാ നായര്‍) അവരുടെ ജീവിതത്തിലേക്ക് ആകസ്മികമായി വന്നുചേരുന്ന ചില സംഭവങ്ങളും അതിനെ അതിജീവിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ പോരാട്ടത്തിന്‍റെയും സഹനത്തിന്‍റെയും കഥയാണ് ഒരുത്തി പറയുന്നത്.
എറണാകുളം- വൈപ്പിന്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബോട്ടിലെ കണ്ടക്ടറാണ് രാധാമണി. രണ്ട് കുട്ടികളുടെ മാതാവായ രാധാമണിയുടെ ഭര്‍ത്താവ് (സൈജു കുറുപ്പ്) വിദേശത്താണ്. വളരെ സന്തോഷം നിറഞ്ഞ ഒരു സന്തുഷ്ട കുടുംബമാണ് രാധാമണിയുടേത്.
കൂടുതല്‍ ആര്‍ഭാടമോ ജീവിതമോഹങ്ങളോ ഒന്നുമില്ലാതെ വളരെ സന്തോഷകരമായി ജീവിക്കുന്ന രാധാമണിയുടെ ജീവിതത്തില്‍ മൂന്ന് ദിവസങ്ങളിലായി സംഭവിക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങള്‍ അവരുടെ ജീവിതത്തിന്‍റെ താളം തെറ്റിക്കുന്നു. ഒരു സാധാരണ സ്ത്രീയുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പാടില്ലാത്ത പ്രതിസന്ധിയാണ് അവര്‍ക്കുണ്ടായത്.
എന്നാല്‍ അവര്‍ തനിക്ക് നേരിട്ട ആ ദുരന്തത്തെ സാഹസികമായി അതിജീവിക്കുന്നു. തിരിഞ്ഞ് നോക്കുമ്പോള്‍ താന്‍ അതിജീവിച്ച വഴികള്‍ രാധാമണിയെ അത്ഭുതപ്പെടുത്തുന്നു. അങ്ങനെ ദുരവസ്ഥകളെ നേരിട്ട് ജീവിതം തിരിച്ചുപിടിക്കുന്ന ഒരു സ്ത്രീയുടെ കഥയാണ് ഒരുത്തി പറയുന്നത്.

ഒരു സ്ത്രീയുടെ ജീവിതത്തില്‍ മൂന്ന് ദിവസങ്ങളില്‍ സംഭവിക്കുന്ന ആകസ്മിക സംഭവങ്ങളാണ് ഒരുത്തിയുടെ ഇതിവൃത്തം.നവ്യാ നായരുടെ അഭിനയജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രം കൂടിയാണ് ഒരുത്തിയിലെ രാധാമണി.
ഒരു റിയലിസ്റ്റിക് സ്റ്റോറിയാണ് ഒരുത്തി.ഒരു സാധാരണ സ്ത്രീയുടെ അതിജീവനകഥ.നീണ്ട ഇടവേളയ്ക്ക് ശേഷം നവ്യ ഒരുത്തിയിലൂടെ മലയാളത്തിലേക്ക് വരുകയാണ്. വിനായകന്‍റെ ഏറെ ശ്രദ്ധേയമായ കഥാപാത്രമാണ് ഒരുത്തിയിലേത്. നായക പ്രാധാന്യമുള്ള റോളാണ് വിനായകന്‍റേത്.

പൊതുവെ മലയാള സിനിമയില്‍ വിനായകന്‍ ചെയ്തിട്ടുള്ള വേഷങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ചിത്രത്തിലെ സബ് ഇന്‍സ്പെക്ടറുടെ റോള്‍. ആക്ഷനും കോമഡിയുമുള്ള ചിത്രത്തില്‍ ഹൃദയഹാരിയായ രണ്ട് പാട്ടുകളുമുണ്ട്. വൈപ്പിനായിരുന്നു പ്രധാന ലൊക്കേഷന്‍. വൈപ്പിനിലെ പ്രാദേശിക സംസാര രീതിയും സിനിമയുടെ പുതുമയാണ് കേരളത്തിന്‍റെ സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളും ഒരുത്തിയില്‍ പരോക്ഷമായി ചൂണ്ടിക്കാണിച്ചുപോകുന്നുണ്ട്.
നവ്യാ നായര്‍, വിനായകന്‍, കെ പി എ സി ലളിത, സൈജു കുറുപ്പ്, ജയശങ്കര്‍, മുകുന്ദന്‍, സന്തോഷ് കീഴാറ്റൂര്‍, വൈശാഖ്, ശ്രീദേവി വര്‍മ്മ, ആദിത്യന്‍, അതിഥി, കലാഭവന്‍ ഹനീഫ്, രാജേന്ദ്രബാബു, മനു രാജ്, ചാലി പാല, അരുണ്‍ ഘോഷ്, സണ്ണി, അഞ്ജന എന്നിവര്‍ക്ക് പുറമെ ഒട്ടേറെ ജൂനിയര്‍ താരങ്ങളുമാണ് അഭിനേതാക്കള്‍.
ബാനര്‍- ബെന്‍സി പ്രൊഡക്ഷന്‍സ് നിര്‍മ്മാണം- കെ.വി.അബ്ദുൾ നാസര്‍, സംവിധാനം -വി.കെ പ്രകാശ് , ഛായാഗ്രഹണം – ജിംഷി ഖാലിദ്, കഥ,തിരക്കഥ, സംഭാഷണം – എസ്.സുരേഷ്ബാബു, ഗാനരചന – ആലങ്കോട് ലീലാകൃഷ്ണന്‍. ബി.കെ ഹരിനാരായണന്‍, സംഗീതം – ഗോപി സുന്ദര്‍- തകര ബാൻറ്,എഡിറ്റര്‍ – ലിജോ പോള്‍, കലാസംവിധാനം – ജ്യോതിഷ് ശങ്കര്‍, മേക്കപ്പ് – രതീഷ് അമ്പാടി, വസ്ത്രാലങ്കാരം- സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഡിക്സന്‍ പൊടുത്താസ്, ചീഫ് അസോസിയേറ്റ് – കെ.കെ.വിനയന്‍, സ്റ്റില്‍സ് -അജി മസ്ക്കറ്റ്, പി ആര്‍ സുമേരന്‍

Article Categories:
Entertainments · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *