മീശപ്പുലിമലയില്‍ നീലക്കുറിഞ്ഞി പൂത്തു. രണ്ടിടത്തായാണ് കുറിഞ്ഞി പൂത്തത്.
മൂന്നാര്‍: മീശപ്പുലിമലയില്‍ നീലക്കുറിഞ്ഞി പൂത്തു. രണ്ടിടത്തായാണ് കുറിഞ്ഞി പൂത്തത്. പത്തിലധികം ചുവട് ചെടികളാണ് സൈലന്റ് വാലിയില്‍ നിന്ന് മീശപ്പുലിമലയിലേക്കുള്ള വഴിയില്‍ റോഡോ മാൻഷനു സമീപത്തായി പൂത്തുനില്‍ക്കുന്നത്.
മേഘങ്ങള്‍ക്കിടയില്‍ താമസിക്കാൻ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അതിനു പറ്റിയ ഇടമാണ് റോഡോ മാൻഷൻ. കേരളത്തിലെ ഏറ്റവും ഉയരത്തിലുള്ള താമസസൗകര്യമെന്ന വിശേഷണമുണ്ട്. റോഡോവാലിയെന്നാണ് ഈ കെട്ടിടമിരിക്കുന്ന ഇടത്തിന്റെ പേര്. റോഡോഡെൻഡ്രോണ്‍ മരങ്ങള്‍ ധാരാളം കാണാമിവിടെ.
ആനശല്യം ഉള്ളതിനാല്‍ പ്രത്യേക സുരക്ഷാക്രമീകരണങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട് ഇവിടെ. അപ്പപ്പോള്‍ ചൂടോടെ തയാറാക്കി വിളമ്ബുന്ന രുചികരമായ ഭക്ഷണവും തെളിഞ്ഞ വെള്ളമൊഴുകുന്ന ഉറവകളും മഞ്ഞിൻറെ തണുപ്പുള്ള രാത്രിയില്‍ ചൂടു കായാനായി ക്യാമ്ബ് ഫയറുമെല്ലാം ഒരിക്കലും മറക്കാനാവാത്ത മനോഹരമായ അനുഭവമായിരിക്കും. ഈ താമസസ്ഥലം സമ്മാനിക്കുന്നത്. അതിരാവിലെ എഴുന്നേറ്റ് മീശപ്പുലിമല കയറാൻ പോകാം. പതിനെട്ട് പേര്‍ക്കാണ് റോഡോ മാൻഷനില് പ്രവേശനം അനുവദിക്കുന്നത്.
മഞ്ഞുകാലം ആരംഭിച്ചതോടെ മീശപ്പുലിമല സന്ദര്‍ശിക്കാനായി വിദേശികളടക്കം ഒട്ടേറെ സഞ്ചാരികളാണ് ദിവസവും എത്തുന്നത്. കുറിഞ്ഞി പൂത്തതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ സന്ദര്‍ശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടു മാസം മുൻപ് പഴയ മൂന്നാറില്‍ നീലക്കുറിഞ്ഞി പൂത്തിരുന്നു.
മഞ്ഞ് അനുഭവിച്ചറിയണമെങ്കില്‍ മീശപ്പുലിമലയിലേക്കു തന്നെ പോകണം. മലകള്‍ താണ്ടി നിങ്ങളുടെ കാലുകള്‍ ആ കൊടുമുടിയിലേക്കു ചലിക്കുമ്ബോള് മനസ് കാഴ്ചകള്‍ക്കു ചുറ്റും പാറിപ്പറക്കുകയായിരിക്കും. തട്ടുതട്ടായുള്ള നീലമലനിരകള്‍, ദിനോസറുകളുടെ കാലം മുതലേ ഉള്ള കാട്ടുപൂവരശുകള്‍, കുഞ്ഞുജലപാതങ്ങള്‍, കാമുകിയുടെ ദുപ്പട്ടയെന്നപോലെ മുഖത്തുതലോടി കടന്നുപോകുന്ന മഞ്ഞുശകലങ്ങള്‍- ദക്ഷിണേന്ത്യയില്‍ സാധാരണക്കാരനു പോകാവുന്ന ഏറ്റവും വലിയ കൊടുമുടിയുടെ കാഴ്ചകള്‍ വിവരണാതീതമാണ്. അത് അനുഭവിച്ച് തന്നെ അറിയണം.
കെഎഫ്ഡിസിയുടെ ഉടമസ്ഥതയിലുള്ള 2000 ഹെക്ടര്‍ സംരക്ഷിത വനമേഖലയിലാണ് മീശപ്പുലിമലയെന്ന സ്വപ്നമല. സമുദ്രനിരപ്പില്‍ നിന്ന് 2650 മീറ്റര്‍ ഉയരത്തിലാണ് സദാസമയവും മഞ്ഞ് പെയ്യുന്ന ഇൗ അദ്ഭുത മലനിരയുടെ സ്ഥാനം. പശ്ചിമ ഘട്ടത്തില്‍ ആനമുടിയും മന്നാമലയും കഴിഞ്ഞാല്‍ ഏറ്റവും ഉയരത്തിലുള്ള മലയാണിത്. 500 ഹെക്ടറോളം വ്യാപിച്ച് കിടക്കുന്ന പുല്‍മേടുകളാണ് മീശപ്പുലിമലയുടെ പ്രധാന ആകര്‍ഷണം. ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള മീശപ്പുലിമല അപൂര്‍വങ്ങളായ സസ്യജന്തുജാലങ്ങളുടെ കലവറയാണ്. മീശപ്പുലിമലയിലെ ചില പുല്ലിനങ്ങള്‍ ആല്‍പ്സ് പര്‍വതനിരകളില്‍ മാത്രമുള്ളതാണ്. ഇവിടേക്കുള്ള സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതോടെ മീശപ്പുലിമലയിലും പരിസ്ഥിതി നാശത്തിന് കളമൊരുങ്ങി. അതുകൊണ്ടാണ് ജില്ലാ ഭരണകൂടം സഞ്ചാരികള്‍ക്ക് വിലക്കുകൊണ്ട് തടയിട്ടത്. എങ്കിലും വനം വികസന കോര്പറേഷൻ കര്‍ശന നിയന്ത്രണങ്ങളോടെ മീശപ്പുലിമല കാണാൻ സന്ദര്‍ശകര്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്.
മീശപ്പുലിമലയില്‍ പ്രവേശിക്കാൻ പ്രത്യേക അനുമതി ആവശ്യമാണ്. കെഎഫ്ഡിസിയുടെ പാസെടുക്കുന്നവര്‍ മൂന്നാറില്‍ നിന്നു സൈലന്റ് വാലിയിലെത്തി വനംവികസന കോര്‍പറേഷന്റെ ഗൈഡുകളുടെ സഹായത്തോടെ എട്ടു കിലോമീറ്ററോളം കാല്‍നടയായി സഞ്ചരിച്ചാണ് മീശപ്പുലിമലയിലെത്തുന്നത്. എന്നാല്‍ പലപ്പോഴും കുറുക്കുവഴികളിലൂടെ മീശപ്പുലിമലയിലെത്തുവാൻ ചിലര്‍ ശ്രമിക്കുന്നു. ഇവര്‍ അപകടത്തില്‍ പെടുന്നത് പതിവാണ്. മാത്രമല്ല സംരക്ഷിത വനമേഖലയായ മീശപ്പുലിമലയില്‍ നിയമവിരുദ്ധമായി പ്രവേശിക്കുന്നവര്‍ക്കെതിരെ വനംവകുപ്പ് നിയമനടപടിയും സ്വീകരിക്കും.
കൊടും ചൂടിലും സുഖമുള്ള തണുപ്പാണിവിടെ. മീശപുലിമലയിലെ കാഴ്ചകള്‍ ആസ്വദിച്ച് താമസിക്കണെമെങ്കില് അടിപൊളി താമസസൗകര്യങ്ങളുമുണ്ട് അവിടെ .
ഇവിടെ രാപാര്‍ക്കാം
മീശപ്പുലിമലയുടെ അടിവാരത്തെ ബേസ് ക്യാംപില്‍ താമസിക്കാം. സമുദ്രനിരപ്പില്‍ നിന്നും 6000 അടി ഉയരെയുള്ള മൂന്നാര്‍ ബേസ് ക്യാമ്ബില്‍ നിന്നും മീശപ്പുലിമലയിലേക്കുള്ള യാത്ര തുടങ്ങാം . ഇവിടെ സഞ്ചാരികള്‍ക്കായി ടെന്റുകളുണ്ട്. മനോഹരമായ പ്രകൃതിയും ഭക്ഷണവിഭവങ്ങളുമെല്ലാം ആസ്വദിച്ച് രാത്രി മുഴുവൻ തീയും കാഞ്ഞ് പുറത്തിരിക്കാം.
അതിരാവിലെ തന്നെ എഴുന്നേറ്റ് 7500-8700 അടി ഉയരെയുള്ള മീശപ്പുലിമല കയറാൻ പോകാം. വളരെ സാഹസികത നിറഞ്ഞ അനുഭവമാണിത്. ഒരുപാടു ദൂരം നടക്കാനുള്ളതു കൊണ്ടു തന്നെ അധികം ഭാരം കൂടെ എടുക്കാതിരിക്കാൻ ശ്രദ്ധിക്കണം. അത്യാവശ്യം വേണ്ട ഭക്ഷണ സാധനങ്ങളും വെള്ളവും കയ്യില്‍ കരുതണം. നാല്പതു ആളുകളെ മാത്രമേ ഇവിടെ അനുവദിക്കുള്ളൂ.
അധികം തിരക്കില്ലാത്ത ഒരിടത്ത് പ്രിയപ്പെട്ടവരോടൊപ്പം ചെലവഴിക്കണം എന്നുണ്ടോ? സ്കൈ കോട്ടേജ് റെഡിയാണ്. മഞ്ഞു മൂടിയ മലഞ്ചെരിവിൻറെ ഹൃദ്യമായ കാഴ്ച അങ്ങേയറ്റം റൊമാന്റിക് ആണ്. വലിയ ചില്ലു ജാലകങ്ങളിലൂടെ കാണാനാവുന്ന വെള്ളച്ചാട്ടവും മഞ്ഞുമൂടിയ കുന്നുകളുടെയും മനോഹരമായ കാഴ്ച ജീവിതത്തില്‍ ഒരിക്കലും മറക്കില്ല. മീശപുലിമലയിലേക്കുള്ള യാത്രയില്‍ താമസം ഇവിടെ ആക്കാം. ഒരേ സമയം രണ്ടുപേര്‍ക്കാണ് ഇവിടെ പ്രവേശനം അനുവദിക്കുള്ളൂ. സുതാര്യമായ മേല്‍ക്കൂരയിലൂടെ ഒഴുകി വരുന്ന നിലാവും നക്ഷത്രങ്ങളും പ്രിയപ്പെട്ട ആളിനൊപ്പമുള്ള നിമിഷങ്ങളെ കൂടുതല്‍ സുന്ദരമാക്കും. മലഞ്ചെരിവിലൂടെ ഒഴുകുന്ന വെള്ളത്തിൻറെ ശബ്ദം കാതിനു സംഗീതമാകും. ഇളംകാറ്റിൻറെ രഹസ്യമര്‍മ്മരങ്ങള്‍ രാത്രി മുഴുവൻ മഞ്ഞിൻറെ നേര്‍ത്ത പാടയിലൂടെ ഒഴുകിയെത്തുന്നത് അനുഭവിച്ചറിയാം. രാവിലെ എഴുന്നേറ്റ് റെഡിയായി മീശപ്പുലിമല കയറാൻ പോകാം.
കെഎഫ്ഡിസി മൂന്നാര്‍ ഇക്കോടൂറിസം എന്ന സൈറ്റില്‍ നിന്ന് ഓണ്‍ലൈനായാണ് സന്ദര്‍ശകര്‍ക്ക് പാസ് അനുവദിക്കുന്നത്. പാസെടുക്കുന്നവര്‍ക്ക് ഒരു രാത്രിയും പകലും മീശപ്പുലിമലയില്‍ ചെലവഴിക്കാം. നല്ല മഞ്ഞും തണുപ്പുമുള്ള ഈ കാലാവസ്ഥവയില് സഞ്ചാരികള്‍ക്കായി പുലര്‍ക്കാല കാഴ്ചയുടെ വിരുന്നൊരുക്കി കാത്തിരിക്കുകയാണ് മീശപ്പുലിമല എന്ന സൗന്ദര്യ വിസ്മയം.