നീറ്റ് ക്രമക്കേട്; രാജ്യതലസ്ഥാനത്ത് പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍

June 11, 2024
55
Views


ഡല്‍ഹി: നീറ്റ് ക്രമക്കേടില്‍ രാജ്യതലസ്ഥാനത്ത് പ്രതിഷേധവുമായി വിദ്യാർഥി സംഘടനകള്‍. ഇടതു വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നില്‍ പ്രതിഷേധിച്ചു.

എസ്‌എഫ്‌ഐ അടക്കമുള്ള ഇടത് വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം നടത്തിയത്. നീറ്റ് പരീക്ഷ നടത്തിപ്പിലെ അഴിമതി അന്വേഷിച്ച്‌ കുറ്റക്കാർക്കെതിരെ നടപടി എടുക്കണം, സർവകലാശാലകള്‍ക്ക് പ്രവേശന പരീക്ഷകള്‍ നടത്താനുള്ള സ്വയം ഭരണാധികാരത്തില്‍ കൈ കടത്തരുത് തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ നിവേദനം നല്‍കി. ഇതിനിടെ ഭരണാനുകൂല വിദ്യാർഥി സംഘടനയായ എബിവിപി എൻടിഎ ആസ്ഥാനത്തേക്ക് മാർച്ച്‌ നടത്തി. എബിവിപി ഭാരവാഹികള്‍ എൻടിഎ ഡയറക്ടറെ കണ്ടു നിവേദനം നല്‍കി. എംഎസ്‌എഫും ദില്ലിയില്‍ പ്രതിഷേധം നടത്തി.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങള്‍ പരിശോധിക്കാന്‍ നാലംഗ സമിതി രൂപീകരിച്ച്‌ കേന്ദ്രം. ഗ്രേസ് മാർക്ക് നല്‍കിയതില്‍ അപാകതയുണ്ടോയെന്ന് പരിശോധിക്കും. ആറ് സെൻ്ററുകളിലെ വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്ക് നല്‍കിയതാണ് പരിശോധിക്കുക. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന മറ്റു പരാതികളും സമിതി പരിശോധിക്കും. യുപിഎസ്‍സി മുൻ ചെയർമാൻ അധ്യക്ഷനായ സമിതി ഒരാഴ്ച്ച കൊണ്ട് റിപ്പോർട്ട് നല്‍കും.

അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണം എൻടിഎ ചെയർമാൻ സുബോധ് കുമാർ സിംഗ് തള്ളി. എൻടിഎ സുതാര്യമായ ഏജൻസിയാണ്. ഈ വർഷം ചില പരാതികള്‍ ഉയർന്നു. 44 പേർക്ക് ഗ്രേസ് മാർക്ക് നല്‍കിയതോടെ മുഴുവൻ മാർക്ക് കിട്ടി. ആറ് സെൻ്ററുകളിലാണ് സമയക്രമത്തിൻ്റെ പരാതി ഉയർന്നത്. അവിടുത്തെ വിദ്യാർത്ഥികള്‍ക്കാണ് ഗ്രേസ് മാർക്ക് നല്‍കിയതെന്ന് എൻടിഎ ചെയർമാൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയരുന്നത്. നീറ്റ് പരീക്ഷ ഫലത്തില്‍ അട്ടിമറിയെന്നായിരുന്നു ഉയരുന്ന പ്രധാന ആരോപണം. അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് വിദ്യാർത്ഥികള്‍ പരാതി നല്‍കിയിട്ടുണ്ട്. 67 പേർക്ക് ഒന്നാം റാങ്ക് ലഭിച്ചതും ചില വിദ്യാർത്ഥികള്‍ക്ക് ഗ്രേസ് മാർക്ക് നല്‍കിയതിലും അട്ടിമറിയുണ്ടെന്നാണ് ആരോപണം. അട്ടിമറി നടന്നിട്ടുണ്ടെന്നും അതിനാല്‍ നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്നുമാണ് ആവശ്യം.

ഫലം പ്രഖ്യാപിച്ചപ്പോള്‍ 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതാണ് പ്രധാന ചർച്ചയാകുന്നത്. ഇതില്‍ ആറ് പേർ ഒരേ സെന്‍ററില്‍ നിന്ന് പരീക്ഷ എഴുതിയവരാണെന്ന ആരോപണവും പരാതിക്കാർ ഉന്നയിക്കുന്നു. ഒന്നാം റാങ്ക് ലഭിച്ചവരില്‍ 47 പേര്‍ക്ക് ഗ്രേസ് മാർക്ക് നല്‍കിയെന്നാണ് എൻടിഎ പറയുന്നത്. എന്‍സിഇആര്‍ടി പാഠപുസ്തകത്തിലെ ഉത്തരത്തിന്‍റെ പിഴവിനാണ് ഗ്രേസ് മാര്‍ക്ക് എന്നാണ് എന്‍ടിഎ വീശദീകരിക്കുന്നത്. ഒപ്പം രണ്ടാം റാങ്ക് ലഭിച്ച വിദ്യാർത്ഥികള്‍ക്ക് സമയം കിട്ടിയില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലുമാണ് ഗ്രേസ് മാർക്ക് നല്‍കിയത്. മുൻകോടതി വിധികളുടെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാർക്ക് നല്‍കിയതെന്നാണ് എൻടിഎ വ്യക്തമാക്കുന്നത്. എന്നാല്‍, ഇതില്‍ വിദ്യാർത്ഥികളും അധ്യാപകരും ആക്ഷേപം ഉന്നയിക്കുകയാണ്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *