കോട്ടയം: പ്രണയത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ച് വരികയാണ്. പ്രണയം നിരസിച്ചത് മൂലവും പ്രണയത്തില്‍ നിന്ന് പിന്മാറിയത് മൂലവും നിരവധി പെണ്‍കുട്ടികളുടെ ജീവനാണ് നഷ്ടമായിരിക്കുന്നത്. ഈ അടുത്തായിരുന്നു എറണാകുളം ഹോസ്റ്റലില്‍ വെച്ച് മാനസ എന്ന പെണ്‍കുട്ടിയെ യുവാവ് വെടിവെച്ചുകൊന്നത്. അതിന്റെ ഞെട്ടല്‍ മാറും മുന്നെയായിരുന്നു പാലാ സെന്റ് തോമസ് കോളേജ് ക്യാമ്ബസ്സില്‍ വെച്ച് നിധിനമോള്‍ എന്ന പെണ്‍കുട്ടിയെ സഹപാഠിയായ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
പരീക്ഷ കഴിഞ്ഞ് ഇറങ്ങി ക്യാമ്ബസിനുള്ളില്‍ കാത്തുനിന്ന അഭിഷേക് പേപ്പര്‍ കത്തി കൊണ്ട് നിധിനയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പ്രണയത്തില്‍ നിന്നും നിധിന പിന്‍മാറിയതിനെ തുടര്‍ന്ന് പ്രകോപിതനായായിരുന്നു അഭിഷേക് എന്ന യുവാവ് നിധിനയുടെ ജീവനെടുത്തത്. നിധിനയ്ക്ക് ആകെയുള്ളത് അമ്മയായിരുന്നു. ഇപ്പോള്‍ നിധിനയുടെ അമ്മ ബിന്ദു തനിച്ചാണ്.
പഠിക്കുന്ന സമയത്ത് ഫീസ് അടക്കാന്‍ വേണ്ടി നിധിന മോള്‍ പാര്‍ടൈം ജോലി നോക്കിയിരുന്നു. നിരവധി ദുരിതങ്ങളിലൂടെയും പട്ടിണികളിലൂടെയും ആണ് ഈ കുടുംബം കടന്നു പോയത്. നേരത്തെ അഭിഷേകിന്റെ അമ്മ നിധിനയുടെ ഫീസ് അടച്ചിരുന്നു . എന്നാല്‍ ഒരു മാസം കഴിഞ്ഞപ്പോള്‍ അത് തിരികെ നല്‍കിയെന്നും തങ്ങള്‍ ആവശ്യപ്പെട്ടിട്ടല്ല അവര്‍ ഫീസ് അടച്ചതെന്നും ബിന്ദു പറഞ്ഞു. ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അവര്‍.
‘എന്റെ കുഞ്ഞ് അനുഭവിച്ചത് പോലെ ദാരിദ്ര്യം ഈ കേരളത്തില്‍ ഒരു കുട്ടിയും അനുഭവിച്ചിട്ടുണ്ടാകില്ല. ഒന്നിനും ഒരു പരാതിയും ഇല്ലായിരുന്നു അവള്‍ക്ക്. അവന്‍ എന്നെ വിളിച്ചിരുന്നത് അമ്മേ എന്നായിരുന്നു. ഇടയ്ക്ക് ഇവിടെ വീട്ടില്‍ വന്നിട്ടുണ്ട് അവന്‍. നടത്തിക്കൊടുക്കാന്‍ തയ്യാറായിരുന്നു. അവര്‍ തമ്മില്‍ നല്ല സ്നേഹമായിരുന്നു. ഈ രണ്ട് ആഴ്ച കൊണ്ട് എന്താണ് സംഭവിച്ചത് എന്നാണു മനസിലാകാത്തത്. മോള്‍ക്കും അതറിയില്ല. എന്ത് വിഷയം ഉണ്ടെങ്കിലും ഉപേക്ഷിക്കാന്‍ പറഞ്ഞാല്‍ അതോടെ തീര്‍ന്നില്ലേ? ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ലെങ്കില്‍ അതങ്ങ് വിട്ട് കളയുക. കുറച്ച് നാളത്തേക്ക് സങ്കടം ഉണ്ടാകുമായിരിക്കും. പിന്നീട് അതങ്ങ് മാറും. ഇപ്പോള്‍ അവന് ആരുണ്ട്? അവനെ ന്യായീകരിക്കാന്‍ ഒരാള്‍ക്കും കഴിയില്ല. വിട്ടു കളഞ്ഞേക്കാന്‍ മേലായിരുന്നോ എന്നെ ഞാനും ചോദിക്കുന്നുള്ളു.
എന്റെ മോളെ ഉള്‍ക്കൊള്ളാന്‍ അവന് കഴിയുന്നില്ലെങ്കില്‍ എന്റെ കൊച്ചിനെ വിട്ടുകളഞ്ഞാല്‍ പോരായിരുന്നില്ലേ? ഇല്ലാതാക്കണമായിരുന്നോ? ഞങ്ങളാരും അവന്റെ പുറകെ എന്റെ കൊച്ചിനെ നീ തന്നെ കെട്ടണം എന്ന് പറഞ്ഞ് പോയിട്ടില്ല. അവള്‍ എല്ലാ കാര്യവും എന്നോട് പറയുന്നതാണ്. അവനൊരു അനിയത്തി ആണുള്ളത്. നിയമം മാറണം. പ്രതികളെ രക്ഷപെടുത്താന്‍ ഇപ്പോള്‍ കുറെ വക്കീലായും ഇറങ്ങിയിട്ടുണ്ട്. നമ്മുടെ സമൂഹം കുട്ടികളെ ഇങ്ങനെ കൊലപ്പെടുത്തുന്നത് പേടിയില്ലായ്മ കൊണ്ടാണ്. എനിക്ക് ദേവൂനെ കെട്ടിച്ച് തരണം എന്ന് അവന്‍ ആവശ്യപ്പെട്ടതാണ്. അവനെ ഇഷ്ടമാണെന്ന് എന്റെ മോളും എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷെ, എന്നിട്ടും അവന്‍… വേദന അറിഞ്ഞ് ഇഞ്ചിഞ്ചായി അവന്‍ അവിടെ കിടന്ന് മരിക്കണം. ഒരു അമ്മയ്ക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുതേ’, ബിന്ദു പറയുന്നു.