സഹകരണ സംഘങ്ങള്‍ക്ക് ബാങ്കിന്റെ പരിഗണന നല്‍കാനാകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ബാങ്കിങ് നിയമപ്രകാരം ഇതിനു ലൈസന്‍സില്ലെന്ന് ധനമന്ത്രി പറഞ്ഞു.
റിസര്‍വ് ബാങ്കിന്റെ പ്രത്യേക അനുമതിയുള്ള സ്ഥാപനങ്ങളെ മാത്രമാണ് ബാങ്കുകളായി കണക്കാക്കുവാന്‍ സാധിക്കുക. 1949 ലെ ബാങ്കിങ് റെഗുലേഷന്‍ ആക്‌ട് സെക്ഷന്‍ ഏഴു പ്രകാരമാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സഹകരണ സംഘങ്ങള്‍ ബാങ്കുകളല്ലെന്ന് നേരത്തെ തന്നെ റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു.
റിസര്‍വ് ബാങ്കിന്റെ ലൈസന്‍സ് ഇല്ലാത്ത സഹകരണ സംഘങ്ങള്‍ പേരിനൊപ്പം ബാങ്ക്, ബാങ്കിങ്, ബാങ്കര്‍, എന്നിങ്ങനെ ചേര്‍ക്കരുതെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി അനുസരിച്ചാണ് റിസര്‍വ് ബാങ്ക് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ നിക്ഷേപം സ്വീകരിക്കുന്നതില്‍ ആര്‍ബിഐ സഹകരണ സംഘങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. സംസ്ഥാനത്തെ 1625 പ്രാഥമിക സഹകരണ ബാങ്കുകളുടെയും 15,000ത്തോളം വരുന്ന സഹകരണ സംഘങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കുന്നതാണ് ആര്‍.ബി.ഐയുടെ നിലപാട്.