കൊലവിളി പ്രസംഗം നടത്തിയ വല്‍സന്‍ തില്ലങ്കേരിക്കെതിരേ കേസില്ല; സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വിദ്യാര്‍ഥി നേതാവിനെതിരേ കേസ്

December 25, 2021
326
Views

ആലപ്പുഴ: കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പോലിസിനുള്ളിലെ പക്ഷപാതപരമായ സമീപനം വീണ്ടും വ്യക്തമാവുന്നു. പരസ്യമായി കൊലവിളിയും കലാപ ആഹ്വാനവും നടത്തിയ സംഘപരിവാര്‍ നേതാവിനെതിരേ കേസെടുക്കാത്ത പോലിസ്, ഇതിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വിദ്യാര്‍ഥി നേതാവിനെതിരേ കേസെടുത്താണ് പോലിസ് സംഘപരിവാര്‍ വിധേയത്വം കാണിച്ചിരിക്കുന്നത്.
ആലപ്പുഴയില്‍ എസ് ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ആര്‍എസ്എസ്സുകാര്‍ വെട്ടിക്കൊലപ്പെടുത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഹിന്ദു ഐക്യവേദി ജില്ലയില്‍ സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സിലാണ് ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വല്‍സന്‍ തില്ലങ്കേരി കൊലവിളിയും കലാപ ആഹ്വാനവും നടത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ അടക്കം വ്യാപകമായി പ്രചരിച്ചിട്ടും പോലിസ് കേസെടുക്കാന്‍ കൂട്ടാക്കിയില്ല. എന്നാലിപ്പോള്‍ വല്‍സന്‍ തില്ലങ്കേരിയുടെ പ്രസംഗം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി മുഹമ്മദ് രിഫയ്‌ക്കെതിരേ പോലിസ് കേസെടുത്തിരിക്കുകയാണ്.


തില്ലങ്കേരിയുടെ വീഡിയോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത് പ്രകോപനവും കലാപവുമുണ്ടാക്കാന്‍ ശ്രമിച്ചതായി കണ്ടെത്തിയെന്നാരോപിച്ചാണ് കൂത്തുപറമ്പ് പോലിസ് കേസെടുത്തിരിക്കുന്നത്. ഷാനെ കൊലപ്പെടുത്തുന്നതിന് പ്രേരണ നല്‍കുന്ന തരത്തില്‍ പ്രസംഗിച്ച വല്‍സന്‍ തില്ലങ്കേരിയെ കേസില്‍ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ടാണ് മുഹമ്മദ് രിഫ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്. സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച വീഡിയോ ഷെയര്‍ ചെയ്തതിന്റെ പേരില്‍ വിദ്യാര്‍ഥി നേതാവിനെതിരേ കേസെടുത്ത പോലിസിന്റെ നടപടിക്കെതിരേ വിമര്‍ശനം ശക്തമാണ്.


വാര്‍ത്താ ചാനലുകളിലടക്കം വല്‍സന്‍ തില്ലങ്കേരിയുടെ കൊലവിളി പ്രസംഗം പ്രക്ഷേപണം ചെയ്തതാണ്. കൂടാതെ ഫേസ്ബുക്കില്‍ നിരവധി പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്. ബിജെപി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജില്‍ വല്‍സന്‍ തില്ലങ്കേരി പങ്കെടുത്ത പരിപാടിയുടെ ലൈവ് പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ഥി നേതാവിനെ പോലിസ് തിരഞ്ഞുപിടിച്ച് പോലിസ് കേസെടുത്തിരിക്കുന്നത്. കെ എസ് ഷാനെ കൊലപ്പെടുത്തുന്നതിന് ഗൂഢാലോചന നടന്നതായി വ്യക്തമാവുന്നതായിരുന്നു വല്‍സന്‍ തില്ലങ്കേരിയുടെ പ്രകോപനപരമായ പ്രസംഗം.


‘എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്ക് നന്നായിട്ടറിയാം. ഞങ്ങളുടെ മൗനം ഭീരുത്വമാണെന്ന് കരുതിയെങ്കില്‍ അത് തെറ്റാണെന്ന് നിങ്ങള്‍ക്ക് ബോധ്യം വരും..’ എന്നാണ് തില്ലങ്കേരി പ്രസംഗിച്ചത്. ‘സംഘപരിവാര്‍ പ്രസ്ഥാനങ്ങളെയും നേതാക്കളെയും ഇനിയും വെല്ലുവിളിച്ചാല്‍ ഇത്തരം പൊതുയോഗം നടത്തുന്നവരെയും പ്രസംഗിക്കുന്നവരെയും എന്ത് ചെയ്യണമെന്ന് ജനങ്ങള്‍ തീരുമാനമെടുത്തിട്ടുണ്ട്. അതുകൊണ്ട് അധികം പോവണ്ട. ഇതുവരെയുള്ള അവഗണന ഇനിയും പ്രതീക്ഷിക്കേണ്ട. ഇനി നല്ല പരിഗണന നല്‍കും. നിങ്ങളെ നന്നായി ബഹുമാനിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. അതൊക്കെ പ്രതീക്ഷിച്ച് മാത്രം തോന്ന്യാസവും വെല്ലുവിളിയും നടത്തിയാല്‍ മതിയെന്നാണ് പറയാനുള്ളത് തില്ലങ്കേരി പറയുന്നു.
ഞങ്ങളുടെ കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാം. ഞങ്ങള്‍ക്ക് നേരേ വന്നാല്‍ എന്തുചെയ്യണമെന്ന് ഞങ്ങള്‍ക്ക് അറിയാം. അത് ഇന്നലെ ചെയ്തിട്ടുണ്ട്. നാളെയും ചെയ്യും. സ്വയരക്ഷയ്ക്ക് വേണ്ടി ഹിന്ദു പഴയപോലെ ഓടില്ല. നേരേ വന്നാല്‍ എന്തുചെയ്യണമെന്ന് അറിയാം. ഒന്നോ രണ്ടോ ഹിന്ദുത്വ പ്രവര്‍ത്തകരെ ക്വട്ടേഷന്‍ ടീമായി വന്ന് കൊത്തിയരിഞ്ഞ് ഭയപ്പെടുത്തി കേരളത്തെ കീഴ്‌പ്പെടുത്തിക്കളയാമെന്ന് ധരിക്കുന്നുണ്ടെങ്കില്‍ അത് കേരളത്തില്‍ വകവച്ചുകൊടുക്കില്ല. ഹിന്ദു സമൂഹം ഒന്നും മറന്നിട്ടില്ല.

അങ്ങനെ ഒരിക്കലും മറക്കാന്‍ പറ്റുന്ന കാര്യങ്ങളല്ല നിങ്ങള്‍ ചെയ്തിരിക്കുന്നത്.
കുത്തിക്കുത്തി നോവിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ പഴയ കണക്കുകള്‍ തീര്‍ക്കാന്‍ ഹിന്ദു സമൂഹം പ്രചണ്ഡശക്തിയായി മുന്നോട്ടുവരും’ ഇതായിരുന്നു പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍. സാമൂഹിക മാധ്യമങ്ങളിലെ വിദ്വേഷ പോസ്റ്റുകളുടെ പേരില്‍ വ്യാപകമായി കേസെടുത്തുകൊണ്ടിരിക്കുന്ന പോലിസ്, കലാപം അഴിച്ചുവിടുന്ന തില്ലങ്കേരിയുടെ പ്രസംഗത്തിന്റെ കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ഷാനെ കൊലപ്പെടുത്തുന്നതിന് ഗൂഢാലോചന നടത്തിയ തില്ലങ്കേരിയെ അറസ്റ്റുചെയ്യണമെന്ന് എസ് ഡിപിഐ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, വല്‍സന്‍ തില്ലങ്കേരിയുടെ കാര്യത്തിലെ അനങ്ങാപ്പാറ നയം പോലിസിലെ ആര്‍എസ്എസ് സ്വാധീനം വര്‍ധിച്ചുവരുന്നുവെന്ന ആരോപണങ്ങള്‍ ശക്തിപ്പെടുത്തുകയാണ്.

Article Categories:
Kerala · Latest News · Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *