പത്തനംതിട്ട: കോട്ടാങ്ങലിൽ നഴ്സായ യുവതിയെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കി കൊന്ന സംഭവത്തിൽ ഒന്നിലധികം പേർക്ക് പങ്കുണ്ടെന്ന് മാതാപിതാക്കളുടെ പരാതി. നിലവിൽ ഒരാളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ അത്യാവശ്യം ഭാരവും ഉയരവുമുള്ള യുവതിയെ ഒരാൾക്ക് ഒറ്റയ്ക്ക് കെട്ടിത്തൂക്കാൻ കഴിയുമോ എന്നതാണ് മാതാപിതാക്കളുടെ സംശയം.
അതിനിടെ, യുവതിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി നസീറുമായി ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞദിവസം തെളിവെടുപ്പ് നടത്തി. യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കാമുകന്റെ വീട്ടിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. കിടപ്പുമുറിയിലെ കട്ടിലിൽ പ്ലാസ്റ്റിക് ബക്കറ്റ് കമഴ്ത്തി വച്ച് അതിന് മുകളിൽ കയറിനിന്ന് മേൽക്കൂരയിൽ തൊട്ടിൽ ഇടാൻ സ്ഥാപിച്ചിരുന്ന ഹുക്കിൽ കുടുക്കിട്ട വിധം ഇയാൾ കാട്ടിക്കൊടുത്തു.
ഇവിടുത്തെ പുരയിടത്തിലെ തെങ്ങ് വാങ്ങാനാണ് ഇയാൾ എത്തിയിരുന്നത്. ഇതടക്കം അന്നുപോയ സ്ഥലങ്ങളിൽ എല്ലാം ഇയാളെ എത്തിച്ച് തെളിവ് ശേഖരിച്ചു. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. ജെ.ഉമേഷ് കുമാർ അടങ്ങുന്ന ഉദ്യോഗസ്ഥരാണ് തെളിവെടുപ്പിന് നേതൃത്വം നൽകിയത്. ചൊവ്വാഴ്ച രാവിലെ പോലീസ്-മെഡിക്കൽ സംഘവും വീട്ടിലെത്തി വിശദമായ പരിശോധന നടത്തിയിരുന്നു.
2019 ഡിസംബർ 15-നാണ് പുല്ലാനിപ്പാറയിലെ കാമുകന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. സംഭവം നടന്ന് രണ്ട് വർഷമാകുമ്പോളാണ് കോട്ടാങ്ങൽ പുളിമൂട്ടിൽ വീട്ടിൽ നെയ്മോൻ എന്ന് വിളിക്കുന്ന നസീറിനെ പോലീസ് അറസ്റ്റ് ചെയ്തത്.
കാമുകനും യുവതിയും വെവ്വേറെ വിവാഹിതരായവരാണെങ്കിലും ആറുമാസമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. മൃതദേഹത്തിൽ 53 മുറിവുകൾ കണ്ടെത്തിയതിനെ തുടർന്ന് കാമുകനെ പ്രതിസ്ഥാനത്ത് നിർത്തിയായിരുന്നു പെരുമ്പെട്ടി പോലീസിന്റെ അന്വേഷണം. ഇയാളുടെ പരാതിയെ തുടർന്ന് ജില്ലാ പോലീസ് മേധാവിയായിരുന്ന കെ.ജി.സൈമൺ അന്വേഷണം 2020-ൽ ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചു. പരിശോധനയിൽ ക്രൂരമായ ലൈംഗിക അതിക്രമങ്ങളും ശാരീരികപീഡനവും നടന്നതിനുള്ള ശാസ്ത്രീയതെളിവുകൾ അന്വേഷണസംഘം കണ്ടെത്തി. പോസ്റ്റ്മോർട്ടംനടത്തിയ ഡോക്ടറുടെ മൊഴികളും നിർണായകമായി.
കൊലപാതകമെന്ന് കണ്ടതോടെ വീടിന് സമീപത്ത് സംഭവദിവസം സാന്നിധ്യം സംശയിക്കപ്പെട്ട മൂന്നുപേരെ തുടർച്ചയായി പോലീസ് ചോദ്യംചെയ്തു. ഇതിൽ നസീറും ഉണ്ടായിരുന്നു. കൂടാതെ മൃതദേഹത്തിന്റെ നഖത്തിൽനിന്ന് ശേഖരിച്ച സാമ്പിളും നസീറിന്റെ രക്തസാമ്പിളും ഒന്നാണെന്ന് തെളിഞ്ഞതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
കാമുകനും അയാളുടെ പിതാവും വീട്ടിൽനിന്നു രാവിലെ പുറത്തുപോയശേഷം അവിടെയെത്തിയ നസീർ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇവരുടെ തല കട്ടിൽപ്പടിയിൽ ഇടിപ്പിച്ച് ബോധരഹിതയാക്കിയ ശേഷമായിരുന്നു പീഡനം. അതിനുശേഷം മുണ്ട് കഴുത്തിൽ കുരുക്കി മേൽക്കൂരയിലെ ഇരുമ്പുഹുക്കിൽ കെട്ടിത്തൂക്കുകയായിരുന്നു.