മൂന്നാം നരേന്ദ്ര മോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ജൂണ്‍ എട്ടിന് നടക്കുമെന്ന് റിപ്പോര്‍ട്ട്

June 5, 2024
46
Views

ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്ര മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ജൂണ്‍ എട്ടിന് നടക്കുമെന്ന് റിപ്പോർട്ട്. എൻ.ഡി.എ സഖ്യത്തിന് 292 സീറ്റുകള്‍ ലഭിച്ചതോടെയാണ് സർക്കാർ രൂപീകരണ ശ്രമങ്ങള്‍ക്ക് ബി.ജെ.പി തുടക്കമിട്ടത്.

പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മൂന്നാമതും സത്യപ്രതിജ്ഞ ചെയ്താല്‍ ജവഹർലാല്‍ നെഹ്റുവിന് ശേഷം മൂന്നാമതും പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്ന നേതാവാകും മോദി.

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ബുധനാഴ്ച മോദി കേന്ദ്രമന്ത്രിസഭ യോഗം വിളിച്ചിരുന്നു. യോഗത്തില്‍ തെരഞ്ഞെടുപ്പ് ഫലവും അടുത്ത സർക്കാറിന്റെ രൂപീകരണവും ചർച്ചയായെന്നാണ് സൂചന. ജൂണ്‍ 16ന് കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തില്‍ ലോക്സഭ പിരിച്ചുവിടാനും മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി.

അതേസമയം, എൻ.ഡി.എയിലെ പ്രധാന പാർട്ടികളുടെ നേതാക്കള്‍ ഇന്ന് ഡല്‍ഹിയിലെത്തുന്നുണ്ട്. ബുധനാഴ്ച വൈകീട്ട് എൻ.ഡി.എ മുന്നണി യോഗം ചേരുമെന്നാണ് റിപ്പോർട്ടുകള്‍. ജെ.ഡി.യു നേതാവ് നിതീഷ് കുമാറും തെലുങ്കു ദേശം പാർട്ടി പ്രസിഡന്റ് ചന്ദ്രബാബു നായിഡുവും യോഗത്തില്‍ പങ്കെടുക്കും.

മൂന്നാം മോദി മന്ത്രിസഭയില്‍ മൂന്ന് കാബിനറ്റ് മന്ത്രിസ്ഥാനം ജെ.ഡി.യു ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ആഭ്യന്തരമന്ത്രി പദത്തില്‍ ടി.ഡി.പിക്ക് നോട്ടമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗം ഒരു കാബിനറ്റ് മന്ത്രിസ്ഥാനവും രണ്ട് സഹമന്ത്രിസ്ഥാനവും ആവശ്യപ്പെട്ടിട്ടുണ്ട്. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി ഒരു കാബിനറ്റ്, സഹമന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ബി.ജെ.പിയെ അറിയിച്ചുവെന്നാണ് സൂചന.

ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ ബി.ജെ.പിക്ക് സാധിച്ചിരുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 350 സീറ്റ് നേടിയ എൻ.ഡി.എ സഖ്യം ഇക്കുറി 291 സീറ്റിലേക്ക് ഒതുങ്ങി. 400 സീറ്റ് നേടിയ അധികാരത്തിലെത്തുമെന്ന് അവകാശപ്പെട്ട് തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടായി. ഒറ്റക്ക് കേവല ഭൂരിപക്ഷം കടക്കാൻ ഇക്കുറി ബി.ജെ.പിക്ക് സാധിച്ചില്ല. 233 സീറ്റുകള്‍ നേടിയ ഇൻഡ്യ സഖ്യം വലിയ നേട്ടമുണ്ടാക്കുകയും ചെയ്തു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *