സ്വാതന്ത്ര്യ കൈമാറ്റം നടന്ന പാര്‍ലമെന്‍റ് മന്ദിരം ഇനി ചരിത്രത്തിന്‍റെ ഭാഗം

September 19, 2023
35
Views

സ്വാതന്ത്ര്യ കൈമാറ്റം നടന്ന പാര്‍ലമെന്‍റ് മന്ദിരം ഇനി ചരിത്രത്തിന്‍റെ ഭാഗം

ഡല്‍ഹി: സ്വാതന്ത്ര്യ കൈമാറ്റം നടന്ന പാര്‍ലമെന്‍റ് മന്ദിരം ഇനി ചരിത്രത്തിന്‍റെ ഭാഗം. ആളും ആരവവും ഒഴിയുന്നതോടെ വൃത്താകൃതിയിലുള്ള ഈ മന്ദിരം ഇനി പഴയ പാര്‍ലമെന്‍റെന്ന് അറിയപ്പെടും .

രാജ്യത്തെ അടയാളപ്പെടുത്തുന്ന ഒരു മന്ദിരം കൂടിയാണിത്.

ഇന്നത്തെ രാഷ്‌ട്രപതി ഭവനായി മാറിയ വൈസ്രോയ്സ് ഹൗസ് രൂപകല്പന ചെയ്യുന്ന കാലത്ത് ജനപ്രതിനിധി സഭയെ ക്കുറിച്ചു ചിന്തിച്ചു പോലുമുണ്ടായിരുന്നില്ല.1919 ലെ മോണ്ടേഗു ചെംസ്‌ ഫോര്‍ഡ് പരിഷ്ക്കാരത്തിന്‍റെ ഫലമാണ് സഭാ മന്ദിരം .ഡല്‍ഹി റെയ്‌സിന കുന്നിലെ രാഷ്‌ട്രപതി ഭവനില്‍ നിന്നും താഴേയ്ക്ക് ഇറങ്ങുമ്ബോള്‍ ഇരുവശത്തുമായി സൗത്ത് നോര്‍ത്ത് ബ്ലോക്ക് കെട്ടിടങ്ങളാണ് . ഓരോ കെട്ടിടത്തിന്‍റെയും എതിര്‍ വശത്ത് അതെ വലിപ്പത്തില്‍ മുഖം നോക്കാൻ മറ്റൊരു കെട്ടിടമുണ്ട് . പിന്നിയിട്ട് ഡിസൈനില്‍ തുന്നി ചേര്‍ത്തതിനാല്‍ കണ്‍പുരികത്തിനു മുകളില്‍ തൊട്ട പൊട്ടുപോലെയെന്നാണ് പാര്‍ലമെന്‍റ് കെട്ടിടത്തെ വിശേഷിപ്പിക്കാറുള്ളത് . എഡ്വിൻ ലൂട്ടൻസും ഹെബെര്‍ട്ട് ബേക്കറും ചേര്‍ന്ന് രൂപകല്‍പന ചെയ്ത മന്ദിരത്തിനു 1921 ഫെബ്രുവരി 12നു തറക്കല്ലിട്ടു.അന്നത്തെ 83 ലക്ഷം രൂപയ്ക്ക് നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടം 1927 ജനുവരി 18നു ഗവര്‍ണര്‍ ജനറല്‍ ആയിരുന്ന ഇര്‍വിൻ പ്രഭു ഉദ്‌ഘാടനം ചെയ്തു.

144 തൂണുകളിലാണ് ഈ മഹാമന്ദിരം തല ഉയര്‍ത്തി നില്‍ക്കുന്നത്. ബ്രിട്ടീഷുകാര്‍ അധികാരം കൈമാറിയതും ഇന്ത്യൻ ഭരണ ഘടന രൂപം കൊണ്ടതും ഇവിടെ വച്ചുതന്നെ. ഇന്ത്യൻ ജനതയുടെ തലവര മാറ്റിവരച്ച നിയമങ്ങളുടെ പിറവിക്കും പ്രതിഷേധത്തിനും ഇറങ്ങിപോക്കിനും സാക്ഷിയായി കാലങ്ങള്‍ നിലകൊണ്ടു . രാഷ്ട്രത്തലവന്മാര്‍ അഭിസംബോധന ചെയ്ത സെൻട്രല്‍ ഹാളും ഇനി ഓര്‍മയിലേക്ക് മടങ്ങുന്നു . വൃത്തത്തിലുള്ള ഈ കെട്ടിടത്തെ ചുറ്റിയാണ് ദേശീയ രാഷ്ട്രീയം സഞ്ചരിച്ചിരുന്നത്. ഈ യാത്രയ്ക്ക് കൂടിയാണ് ഇന്ന് വിരാമമിടുന്നത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *