മസ്കത്ത്: മസ്കത്ത്, സലാല എന്നിവിടങ്ങളിൽ നിന്നും കേരളത്തിലേക്ക് പുറപ്പെടുന്ന വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി എയർ ഇന്ത്യ അധികൃതർ അറിയിച്ചു. നവംബർ ഒന്ന് മുതലാണ് പുതിയ ഷെഡ്യൂൾ പ്രാബല്യത്തിൽ വരിക. കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കും, അവിടുന്ന് തിരിച്ച് ഒമാനിലേക്കുമുള്ള ചില സർവീസുകളാണ് പുനഃക്രമീകരിച്ചത്.
സലാലയിൽ നിന്നും പുലർച്ചെ 2.05 ന് കൊച്ചിയിലേക്ക് പുറപ്പെടുന്ന വിമാനം ഇനി മുതൽ രാവിലെ 10:30 നാണ് പുറപ്പെടുക. കൊച്ചിയിൽ നിന്ന് രാവിലെ 10:15 ന് പുറപ്പെടുന്ന വിമാനം ഇനി മുതൽ രാവിലെ 7 മണിക്ക് പറന്നുയരും. കോഴിക്കോട് നിന്നും സലാലയിലേക്കുള്ള സർവീസുകളിൽ മാറ്റമില്ലെങ്കിലും, മസ്കത്തിലേക്കുള്ള വിമാനങ്ങളുടെ സമയത്തിൽ നേരിയ മാറ്റമുണ്ട്.
ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കും, വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കുമാണ് ഇനി മസ്കത്തിലേക്ക് കോഴിക്കോട് നിന്നും വിമാനങ്ങൾ പുറപ്പെടുക. മസ്കത്തിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനങ്ങളുടെ സമയത്തിലും മാറ്റങ്ങളുണ്ട്.
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ പുലർച്ചെ നാലരയ്ക്കും, തിങ്കളാഴ്ച രാവിലെ 8.20 നുമാണ് ഇനി കൊച്ചിയിലേക്ക് എയർ ഇന്ത്യ വിമാനങ്ങൾ സർവീസ് നടത്തുക. മസ്കത്തിൽ നിന്നും കണ്ണൂരിലേക്കുള്ള വിമാനങ്ങൾ വെള്ളിയാഴ്ച പുലർച്ചെ 1.45 നും, ശനി, തിങ്കൾ ദിവസങ്ങളിൽ രാവിലെ 11 മണിക്കും പുറപ്പെടും.