ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രം മാലിക്ക് കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പരോക്ഷ വിമർശനവുമായി സംവിധായകൻ ഒമർ ലുലു.
‘മാലിക്ക് സിനിമ കണ്ടു തീർന്നു മറ്റൊരു മെക്സിക്കന്‍ അപാരത എന്ന് പറയാം’ എന്നാണ് ഒമർ ലുലു പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് ഒമർ ലുലുവിന്റെ വിമർശനം. ക്യാംപസ് രാഷ്ട്രീയം പ്രമേയമാക്കി വന്ന ചിത്രമാണ് മെക്സിക്കൻ അപാരത. 2011ൽ മഹാരാജാസ് കോളേജിൽ ജിനോ ജോൺ നേടിയ വിജയത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നും ഇടത് സംഘടനകളെ വെള്ളപൂശാനുള്ള ശ്രമമാണ് ചിത്രമെന്ന തരത്തിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. ‘പോസ്റ്റ് മനസ്സിലാകാത്തവർക്കായി’ എന്ന കുറിപ്പോടെ പ്രസ്തുത സംഭവത്തിന്റെ ഒരു വാർത്ത കട്ടിങ്ങും ഒമർ ലുലു കമന്റിൽ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം മാലിക്കിന് സമൂഹ മാധ്യമങ്ങളിൽ നിന്നും മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നത്. മഹേഷ് നാരായണന്റെ മാസ്റ്റര്‍ പീസാണ് മാലിക്ക് എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ആമസോണ്‍ റിലീസ് ആയതിനാല്‍ വലിയൊരു തിയറ്റര്‍ എക്‌സ്പീരിയന്‍സാണ് നഷ്ടമായെന്നും പ്രേക്ഷകര്‍ പറയുന്നു. ചിത്രത്തിലെ നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട് എന്നിവരുടെ പ്രകടനത്തിനും മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.
മാലിക്ക് തീരദേശ ജനതയുടെ നായകനായ സുലൈമാന്റെയും, അയാളുടെ തുറയുടെയും കഥയാണ് പറയുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് സുലൈമാന്‍ എന്ന ഫഹദ് ഫാസിലിന്റെ കഥാപാത്രം കടന്ന് പോകുന്നത്. 20 വയസ് മുതല്‍ 57 വയസ്സ് വരെയുള്ള സുലൈമാനെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
മാലിക്ക് ഒരു ഫിക്ഷണല്‍ കഥ മാത്രമാണെന്ന് സംവിധായകന്‍ മഹേഷ് നാരായണന്‍ പറഞ്ഞിരുന്നു. ചിത്രത്തില്‍ പറഞ്ഞ് പോകുന്ന സംഭവങ്ങള്‍ പ്രേക്ഷകര്‍ക്ക് യഥാര്‍ത്ഥ സംഭവങ്ങളുമായി ബന്ധപ്പെടുത്തണമെങ്കില്‍ അങ്ങനെ ആവാമെന്നും മഹേഷ് നാരായണന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞിരുന്നു. ചിത്രത്തിന്റെ തിരക്കഥയും, എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നത് മഹേഷ് തന്നെയാണ്.