ഒമിക്രോണ്‍: ഡെൽഹിയിൽ പുതുതായി നാല് കേസുകൾ കൂടി, രാജ്യത്ത് മൊത്തം 45 കേസുകൾ; വാക്സീൻ മൂന്നാം ഡോസിന് ഇപ്പോൾ മാർഗ്ഗരേഖയില്ലെന്ന് കേന്ദ്ര സർക്കാർ

December 14, 2021
146
Views

ന്യൂ ഡെൽഹി: രാജ്യത്തെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം നാല്‍പത്തിയഞ്ച് ആയി. ഡെൽഹിയിൽ പുതുതായി നാല് കേസുകള്‍ കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രോ​ഗബാധിതർ 45 ആയത്. ഡെൽഹിയിലെ രോഗബാധിതരുടെ എണ്ണം ആറായി. രോഗബാധിതരില്‍ ആരുടെയും ആരോഗ്യനില ഗുരുതരമല്ല. രാജ്യത്ത് ആര്‍ക്കും ഗുരുതര ലക്ഷണങ്ങള്‍ കണ്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയവും വ്യക്തമാക്കി.

അതേ സമയം ഒന്നര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കൊറോണ വ്യാപന നിരക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തി. 5784 പേര്‍ രോഗബാധിതരായപ്പോള്‍ 7995 പേര്‍ രോഗമുക്തരായി. 252 പേര്‍ മരിച്ചതായാണ് ആരോഗ്യമന്ത്രാലയം ഒടുവില്‍ പുറത്ത് വിട്ട കണക്ക് വ്യക്തമാക്കുന്നത്.

അതിനിടെ, രാജ്യത്ത് കൊറോണ വാക്സീൻ മൂന്നാം ഡോസിന് ഇപ്പോൾ മാർഗ്ഗരേഖയില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. രാജ്യത്ത് എല്ലാവർക്കും രണ്ടു ഡോസ് വാക്സീൻ നൽകുന്നതിനാണ് ഇപ്പോൾ മുൻഗണന. ഡെൽഹി ഹൈക്കോടതിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

മൂന്നാം ഡോസ് നൽകണമെന്ന് രാജ്യത്ത് ഇപ്പോഴുള്ള രണ്ടു വിദഗ്ധ സമിതികളും നിർദേശിച്ചിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. രണ്ടു ഡോസ് വാക്സീൻ ഒമിക്രോണിന് എതിരെ കാര്യമായ പ്രതിരോധം നൽകില്ലെന്ന് വിവിധ പഠനങ്ങളിൽ തെളിഞ്ഞിരുന്നു. ഇതിനിടെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *