ന്യൂ ഡെൽഹി: കൊറോണ മൂലം രാജ്യത്ത് അനാഥരാക്കപ്പെട്ടത് ഒരു ലക്ഷത്തിൽ പരം കുട്ടികൾ എന്ന് കേന്ദ്ര ബാലാവകാശ കമ്മീഷൻ സുപ്രീം കോടതിയെ ബോധിപ്പിച്ചു. മഹാമാരി പടർന്നു പിടിച്ച 2020 ഏപ്രിൽ മുതൽ 2022 ജനുവരി വരെ കണക്കാണ് പുറത്തുവിട്ടത്.
ബാൽ സ്വരാജ് പോർട്ടലിലെ കണക്കുകളെ ആധാരമാക്കിക്കൊണ്ട് കമ്മീഷൻ പറഞ്ഞത്, 10,094 കുട്ടികൾക്കാണ് അച്ഛനെയും അമ്മയെയും നഷ്ടമായത്. രണ്ടിൽ ഒരു രക്ഷിതാവിനെ നഷ്ടമായവരുടെ എണ്ണം 1,36,910 ആണ്. കൊറോണ വ്യാപനത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ടിട്ടുള്ളത് 488 കുഞ്ഞുങ്ങളാണ്.
കൊറോണ കെടുതികൾക്കിടയിൽ കുഞ്ഞുങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സുവോ മോട്ടോ ആയി കേസ് പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി ദേശീയ ബാലാവകാശ കമ്മീഷനോട് ഇത് സംബന്ധിച്ച കണക്കുകൾ ഹാജരാക്കാൻ ആവശ്യപ്പെടുന്നത്.
മൂന്നാം കൊറോണ തരംഗത്തിന്റെ സമയത്ത് കുട്ടികളെ കണക്കിലെടുത്തുകൊണ്ടുള്ള ഭാവി പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്താൻ വേണ്ടി, സംസ്ഥാനത്തെ ബാലാവകാശ കമ്മീഷനുകൾ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ ക്രമീകരിച്ചു വരികയാണ് എന്നും കേന്ദ്ര കമ്മീഷൻ പരമോന്നത നീതിപീഠത്തെ അറിയിച്ചു.
അതാത് സംസ്ഥാനങ്ങളിലെ സർക്കാർ ആശുപത്രികളിൽ നവജാത ശിശു പരിചരണം, പീഡിയാട്രിക് വാർഡുകൾ, അനാഥരായ കുഞ്ഞുങ്ങളെ പരിചരിക്കാനുള്ള സംവിധാനങ്ങൾ, തെരുവിൽ കഴിയുന്ന കുട്ടികളുടെ സുരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾ ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങളെക്കുറിച്ചും കോടതി ദേശീയ കമ്മീഷനെ ഓർമിപ്പിച്ചു.