ഓസ്കാർ അവാർഡുകള്‍ നാളെ പ്രഖ്യാപിക്കും.
ഓസ്കാർ അവാർഡുകള്‍ നാളെ പ്രഖ്യാപിക്കും. 96-ാമത് അക്കാദമി അവാർഡുകളാണ് നാളെ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുക.
സിനിമാലോകത്തെ പരമോന്നത പുരസ്കാരമാണ് ഓസ്കാർ അക്കാദമി അവാർഡുകള്‍. ചലച്ചിത്ര വ്യവസായത്തിൻ്റെ കലാപരവും സാങ്കേതികവുമായ മികവിനുള്ള അവാർഡുകളാണ് ഓസ്കാർ പുരസ്കാരങ്ങള്‍. ചടങ്ങുകള്‍ തുടങ്ങുന്നത് ഇന്ത്യൻ സമയം രാവിലെ ഏഴ് മണിയോടെയാണ്. ഇക്കുറി ഏറ്റുമുട്ടുന്നത് ഓപൻഹെയ്മറും ബാർബിയും അടക്കം തീയേറ്ററുകളില്‍ കയ്യടി നേടിയ ചിത്രങ്ങളാണ്.
എല്ലാവരുടെയും പ്രതീക്ഷ 7 ബാഫ്റ്റയും 5 ഗോള്‍ഡണ്‍ ഗ്ലോബും വാരിക്കൂട്ടിയ ഓപൻഹെയ്മറില്‍ തന്നെയാണ്. ആറ്റം ബോംബിന്റെ പിതാവ് ജെ റോബർട്ട് ഓപൻഹെയ്മറിന്റെ കഥ പറഞ്ഞ ചിത്രമാണ് ഓപൻഹെയ്മർ.
മികച്ച ചിത്രം, നടൻ, സംവിധായകൻ തുടങ്ങിയ പ്രധാന വിഭാഗങ്ങളിലെല്ലാം നോളൻ ചിത്രം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും എന്ന് സിനിമാപ്രേമികള്‍ പ്രതീക്ഷിക്കുന്നു. നടിമാരുടെ വിഭാഗത്തില്‍ പുവർ തിംഗ്സ് നായിക എമ്മ സ്റ്റോണും കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂണ്‍ താരം ലിലി ഗ്ലാഡ്സ്റ്റണും തമ്മിലാണ് മത്സരം.
‘റ്റു കില്‍ എ ടൈഗർ’ ആണ് ഇന്ത്യയുടെ ആകെ ഒരു സാന്നിധ്യം. ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിലാണ് ‘റ്റു കില്‍ എ ടൈഗർ’ മാറ്റുരയ്ക്കുന്നത്. നിഷ പഹൂജ ഒരുക്കിയ കനേഡിയൻ ഡോക്യുമെന്ററി തുറന്നുകാട്ടുന്നത് ജാർഖണ്ഡില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബം നീതിക്കായി നടത്തുന്ന പോരാട്ടമാണ്.
23 വിഭാഗങ്ങളിലായിട്ടാണ് അവാർഡുകള്‍. ഹോളിവുഡിലെ ഡോള്‍ബി തീയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ അവതാരകന്റെ റോളില്‍ ഇപ്രാവശ്യവും ജിമ്മി കെമ്മല് തന്നെയാണ്. പുരസ്കാരരാവിനായി ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ്. ലോകമെമ്ബാടുമുള്ള ഏറ്റവും പഴക്കമുള്ള വിനോദ അവാർഡ് ചടങ്ങ് കൂടിയാണിത്.