പോത്തൻകോട് സുധീഷ് വധം : മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയിൽ

December 20, 2021
150
Views

തിരുവനന്തപുരം പോത്തൻകോട് സുധീഷ് വധക്കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയിൽ. തമിഴ്‌നാട്ടിൽ നിന്നാണ് ഒട്ടകം രാജേഷിനെ ആസൂത്രകനും രണ്ടാം പ്രതിയുമായ രാജേഷിനെ പൊലീസ് പിടികൂടിയത്. ഇരുപത്തെട്ടിലധികം കേസുകളുള്ള ഗുണ്ടാ സംഘത്തലവൻ ആണ് ഒട്ടകം രാജേഷ്.

കഴിഞ്ഞ ദിവസമാണ് പോത്തൻകോട് മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. പോത്തൻകോട് സ്വദേശി സുധീഷ് (35) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സുധീഷിന്റെ കാൽ വെട്ടിയെടുത്ത ശേഷം ബൈക്കിൽ എടുത്തു കൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. മൂന്നംഗം അക്രമി സംഘം ബൈക്കിലെത്തിയായിരുന്നു സുധീഷിനെ ആക്രമിച്ചത്. ഓടി വീട്ടിൽ കയറിയ സുധീഷിനെ പിന്തുടർന്ന് ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ സുധീഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രക്തം വാർന്നാണ് മരണം സംഭവിച്ചത്.

കേസിലെ രണ്ടാം പ്രതി ഒട്ടകം രാജഷും മൂന്നാം പ്രതി ശ്യാമുമാണ്. ശ്യാം കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യാ സഹോദരനാണ്. ഇയാളാണ് സുധീഷിന്റെ ഒളിത്താവളം ഗുണ്ടാ സംഘത്തിന് ചോർത്തി നൽകിയത്.കഞ്ചാവ് വിൽപനയെ ചൊല്ലിയുള്ള തർക്കത്തിൽ കൊല്ലപ്പെട്ട സുധീഷ് ശ്യാമിനെ മർദ്ദിച്ചിരുന്നു. ഒന്നാം പ്രതി സുധീഷ് ഉണ്ണിയുടെ അമ്മയ്ക്ക് നേരെ ബോംബെറിഞ്ഞതിലുള്ള വൈരാഗ്യമാണ് കൊലപാതകം ആസൂത്രണം ചെയ്യാൻ കാരണം. ആറ്റിങ്ങൽ മങ്കാട്ടുമൂലയിൽ നടന്ന രണ്ട് അക്രമ സംഭവങ്ങളുടെ തുടർച്ചയാണ് കല്ലൂരിലെ കൊലപാതകം. അക്രമികളെ സംഘടിപ്പിച്ചതും,കൊലപാതകം ആസൂത്രണം ചെയ്തതും കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷാണെന്ന് പൊലീസ് വ്യക്തമാക്കി.

ഒന്നാം പ്രതി സുധീഷ് ഉണ്ണി, മൂന്നാം പ്രതി മിഠായി ശ്യാം എന്നിവർ നേരത്തെ പിടിയിലായിരുന്നു. കേസിൽ അഞ്ച് പ്രതികളെക്കൂടി ആറ്റിങ്ങൽ കോടതി റിമാൻഡ് ചെയ്തിരുന്നു. കൊലപാതകത്തിൽ പങ്കെടുത്ത 11 അംഗ ഗുണ്ടാ സംഘത്തിലെ കോരാണി തോന്നയ്ക്കൽ കുഴിത്തോപ്പ് വീട്ടിൽ ജിഷ്ണു (22, കട്ട ഉണ്ണി), കോരാണി വൈഎംഎ ജങ്ഷൻ വിഷ്ണുഭവനിൽ സൂരജ് (23, വിഷ്ണു), ചെമ്പൂര് കുളക്കോട് പുത്തൻ വീട്ടിൽ സച്ചിൻ (24), കുടവൂർ കട്ടിയാട് കല്ലുവെട്ടാൻകുഴി വീട്ടിൽ അരുൺ (23, ഡമ്മി), പിരപ്പൻകോട് തൈക്കാട് മുളക്കുന്ന് ലക്ഷം വീട്ടിൽ ശ്രീനാഥ് (21, നന്ദു) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. നന്ദീഷ്, നിധീഷ്, രഞ്ജിത് എന്നിവരെയും റിമാൻഡ് ചെയ്തിരുന്നു. ഇതോടെ റിമാൻഡിലായവർ എട്ടായി. അതിനിടെ പ്രതികൾ കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ വെഞ്ഞാറമൂട് മൂളയാറിന്റെ പരിസരത്തുനിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *