കണ്ണുര്‍: സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജന്‍ വധശ്രമ കേസിലെ പ്രതികളെ കോടതി കുറ്റക്കാരല്ലെന്ന് കണ്ടു വെറുതെ വിട്ടു.2012 ഫെബ്രുവരിയില്‍ തളിപ്പറമ്ബ് അരിയില്‍ നടന്ന വധശ്രമ കേസിലെ പ്രതികളെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടത്. പി.ജയരാജന്‍, ടി.വി.രാജേഷ് അടക്കമുള്ളവരെ 2012 ഫെബ്രുവരി 20-ന് ആക്രമിച്ച കേസിലാണ് വിധി. തളിപ്പറമ്ബ് അരിയിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകരായ 12 പേരെയാണ് കണ്ണുര്‍ അസി.സെഷന്‍സ് കോടതി വെറുതെ വിട്ടത്. ഈ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്.
തളിപ്പറമ്ബ് അരിയില്‍ പ്രദേശത്ത് വച്ച് സിപിഎം നേതാക്കള്‍ സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി വധിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്. മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ അരിയിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തുന്നതിന് പ്രകോപനം ഈ കേസാണെന്നായിരുന്നു വാദം.
ഇത്തരമൊരു അക്രമം തന്നെ ഉണ്ടായിട്ടില്ലെന്നും കേസില്‍ ഹാജരാക്കിയ രേഖകള്‍ യഥാര്‍ഥമല്ലെന്നും പ്രതിഭാഗം വാദിച്ചു. കണ്ടെടുത്ത ആയുധങ്ങള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
എം.എസ്.എഫ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കുറിന് സിപിഎം പ്രവര്‍ത്തകര്‍ വധശിക്ഷ വിധിച്ചത് രാഷ്ട്രീയ കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച സംഭവങ്ങളിലൊന്നായിരുന്നു. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ഗൂഢാലോചന കുറ്റത്തിന് പി.ജയരാജന്‍, മുന്‍ കല്യാശേരി എംഎല്‍എ ടി .വി രാജേഷ് എന്നിവരെ പ്രതിചേര്‍ത്തിരുന്നു.
പട്ടുവത്തെ അരിയില്‍ സ്വദേശിയും എം.എസ്.എഫിന്റെ പ്രാദേശിക നേതാവുമായ അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ (24) എന്ന യുവാവിനെ 2012 ഫെബ്രുവരി 20ന് കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിനടുത്ത് വെച്ച് കൊലചെയ്ത സംഭവമാണ് ഷുക്കൂര്‍ വധക്കേസ്. പട്ടുവം അരിയില്‍ പ്രദേശത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഗുരുതരാവസ്ഥയിലായ സിപിഐ.എം പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ പട്ടുവത്ത് എത്തിയ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, കല്ല്യാശ്ശേരി എംഎല്‍എ ടി.വി.രാജേഷ് എന്നിവര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം ഉണ്ടായതിനു പ്രതികാരമായിട്ടാണ് ഷുക്കൂര്‍ വധിക്കപ്പെട്ടത് എന്ന് പൊലീസ് ആരോപിക്കുന്നു.
രണ്ടര മണിക്കൂര്‍ ബന്ദിയാക്കി വിചാരണ ചെയ്തുള്ള ക്രൂരമായ കൊലപാതകം എന്ന ആരോപണം എന്ന നിലയില്‍ ഈ കേസ് വലിയതോതില്‍ പൊതുജനശ്രദ്ധ നേടുകയുണ്ടായി. പക്ഷെ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പലരും നാട്ടില്‍ പോലും ഇല്ലാത്തവര്‍ ആയിരുന്നു എന്ന് പിന്നീട് തെളിഞ്ഞു. പ്രതി ചേര്‍ക്കപ്പെട്ട് പീഡത്തിനിരയായ ഒരു യുവാവ് പിന്നീട് ആത്മഹത്യ ചെയ്തു.പി. ജയരാജനും ടി.വി. രാജേഷിനുമെതിരേ സിബിഐ ഗൂഢാലോചന കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാല്‍ പി.ജയരാജനും ടി വി രാജേഷിനും എതിരായ കുറ്റപത്രം തലശ്ശേരി സെഷന്‍സ് കോടതി മടക്കി.