പാകിസ്ഥാന്റെ സ്ഥിതി പ്രവചനാതീതം

May 12, 2023
23
Views

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ അഴിമതിക്കേസുകളില്‍ അറസ്റ്റു ചെയ്തതോടെ അക്രമാസക്തരായ അനുയായികള്‍ തെരുവിലിറങ്ങുകയും, ആ രാജ്യം ഒരു ആഭ്യന്തരയുദ്ധത്തിലേക്ക് വഴുതിവീഴുകയുമാണ്.

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ അഴിമതിക്കേസുകളില്‍ അറസ്റ്റു ചെയ്തതോടെ അക്രമാസക്തരായ അനുയായികള്‍ തെരുവിലിറങ്ങുകയും, ആ രാജ്യം ഒരു ആഭ്യന്തരയുദ്ധത്തിലേക്ക് വഴുതിവീഴുകയുമാണ്.

വാഹനങ്ങളും മറ്റും അഗ്നിക്കിരയാക്കി യുദ്ധസമാനമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പിടിഐക്കാര്‍ റാവല്‍പിണ്ടിയിലെ കരസേനാ ആസ്ഥാനത്തില്‍ വരെ അതിക്രമിച്ചു കടക്കുകയും, അവിടെനിന്ന് ആയുധങ്ങളും മറ്റും കടത്തിക്കൊണ്ടുപോയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സൈനിക ഓഫീസര്‍മാരുടെ വീടുകള്‍ക്കു മുന്നില്‍ പ്രതിഷേധക്കാര്‍ ഒത്തുചേര്‍ന്നത് ഇതിന് മുന്‍പ് കാണാത്ത കാഴ്ചയായിരുന്നു. തങ്ങളുടെ നേതാവിനെ മോചിപ്പിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് പിടിഐ അനുയായികള്‍ പറയുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇമ്രാനെ എട്ട് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതോടെ പ്രതിഷേധം രൂക്ഷമാവുകയും ചെയ്തു. റോഡുകളും മറ്റും ഉപരോധിച്ചതിനെ തുടര്‍ന്ന് ജനജീവിതം ഏറെക്കുറെ സ്തംഭിച്ച സ്ഥിതിയാണ്. പ്രതിഷേധക്കാരെ നേരിടാന്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എത്ര പേര്‍ മരിച്ചുവെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മരണസംഖ്യ വളരെ കൂടുതലായതുകൊണ്ടാണ് സര്‍ക്കാര്‍ ഇതു ചെയ്യാത്തതെന്നാണ് കരുതപ്പെടുന്നത്. സൈന്യം പ്രതിഷേധക്കാര്‍ക്കുനേരെ യാതൊരു കൂസലുമില്ലാതെ നിറയൊഴിക്കുകയാണെന്നും, ഇത് ആഭ്യന്തരയുദ്ധത്തിന്റെ തുടക്കമാണെന്നമുള്ള പ്രതികരണങ്ങള്‍ വന്നുകഴിഞ്ഞു. സൈന്യത്തിനകത്ത് ഒരു അട്ടിമറിയുണ്ടാവുമോ? ഭരണകൂടത്തിനെതിരെ സൈന്യം അട്ടിമറി നടത്തുമോ? എന്നൊക്കെയാണ് ഇനി അറിയാനിരിക്കുന്നത്.

പാകിസ്ഥാന്റെ ഏഴ് പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ-ഭരണചരിത്രത്തില്‍ ഏറ്റവും രൂക്ഷമായ പ്രതിസന്ധിയെയാണ് ഇപ്പോള്‍ നേരിടുന്നത്. ജനാധിപത്യ രാജ്യമെന്ന പേരുണ്ടെങ്കിലും സൈന്യമാണ് പതിറ്റാണ്ടുകളായി പാകിസ്ഥാനില്‍ ഭരണകാര്യങ്ങള്‍ തീരുമാനിക്കുന്നത്. സൈന്യത്തിന് അനഭിമതനായ ഒരു ഭരണാധികാരിക്കും അധികാരത്തില്‍ തുടരാനാവില്ല. ഏറെക്കുറെ പാകിസ്ഥാനിലെ എല്ലാ ഭരണാധികാരികള്‍ക്കും പുറത്തുപോകേണ്ടി വന്നത് സൈന്യത്തിന്റെ എതിര്‍പ്പുകൊണ്ടാണ്. നവാസ് ഷെരീഫിന്റെ പകരക്കാരനായി ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായതും സൈന്യത്തിന്റെ താല്‍പ്പര്യമനുസരിച്ചാണ്. സൈന്യത്തിന്റെ ഇഷ്ടക്കാരനല്ലാതായതോടെ പുറത്തുപോകേണ്ടിയും വന്നു. ഇപ്പോള്‍ പതിമൂന്നു പാര്‍ട്ടികളുടെ സഖ്യമായ പിഡിഎമ്മിന്റെ പിന്‍ബലത്തില്‍ ഭരണം നടത്തുന്ന പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് സൈന്യത്തിന്റെ പിന്തുണയുണ്ട്. പതിവുപോലെ ഷെഹബാസിന്റെ സര്‍ക്കാരും അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്. സര്‍ക്കാരിനെതിരെ സമരം നയിക്കുന്ന ഇമ്രാന്‍ഖാന് ജനങ്ങളില്‍ പിന്തുണയേറുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അടുത്തിടെ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ ഇമ്രാന്റെ പാര്‍ട്ടിയായ പിടിഐ വിജയം നേടിയിരുന്നു. ഇതാണ് സൈന്യത്തിന്റെ സഹായത്തോടെ സര്‍ക്കാര്‍ ഇമ്രാനെതിരെ നീങ്ങാന്‍ കാരണമെന്നാണ് അനുയായികള്‍ പ്രചരിപ്പിക്കുന്നത്. ഒരു തിരിച്ചുവരവ് അസാധ്യമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ നിജസ്ഥിതി ഏതുതന്നെയായാലും പരിഹാരം വിദൂരമെന്നല്ല, അസാധ്യമായ വിധത്തില്‍ പാകിസ്ഥാനിലെ പ്രതിസന്ധി രൂക്ഷമാവുകയാണ്. ശ്രീലങ്കയിലെ സാമ്ബത്തിക പ്രതിസന്ധിയോടാണ് ചിലര്‍ ഇതിനെ ഉപമിക്കുന്നത്. എന്നാല്‍ പ്രതിസന്ധിക്കിടയിലും ശ്രീലങ്കയ്ക്കുള്ള അനുകൂല ഘടകങ്ങളൊന്നും പാകിസ്ഥാനില്ല എന്നതാണ് വസ്തുത. അസ്ഥിരത മുഖമുദ്രയായിരിക്കുന്ന പാകിസ്ഥാനെ സഹായിക്കാന്‍ പല രാജ്യങ്ങളും തയ്യാറല്ല. ഇതിന്റെ അനന്തരഫലം എന്തായിരിക്കുമെന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ല.

പാകിസ്ഥാനിലെ ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധിയും ക്രമസമാധാന തകര്‍ച്ചയും അയല്‍ രാജ്യമായ ഇന്ത്യ ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണ്. മുന്‍കാലങ്ങളില്‍ രാഷ്ട്രീയമായ പ്രതിസന്ധികളെ അതിജീവിക്കാന്‍ പാകിസ്ഥാനിലെ ഭരണാധികാരികള്‍ ഇന്ത്യാ വിരോധം കുത്തിപ്പൊക്കാറുണ്ട്. അതിര്‍ത്തികടന്നുള്ള നുഴഞ്ഞുകയറ്റവും കശ്മീരിലും മറ്റുമുള്ള ഭീകരപ്രവര്‍ത്തനവും ശക്തിപ്പെടുത്തി ഇന്ത്യയെ നേരിടാന്‍ തങ്ങള്‍ക്ക് കരുത്തുണ്ടെന്ന് കാണിക്കാന്‍ പാകിസ്ഥാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പാകിസ്ഥാന്റെ ഈ തന്ത്രം പൊളിഞ്ഞു. ഭീകരവാദത്തെ അടിച്ചമര്‍ത്തുക മാത്രമല്ല, രാജ്യാന്തര തലത്തില്‍ പാകിസ്ഥാന്‍ കൂടുതല്‍ ഒറ്റപ്പെടുകയും ചെയ്തു. പാകിസ്ഥാനിലെ ഇപ്പോഴത്തെ രാഷ്ട്രീയ അസ്ഥിരത ഇന്ത്യയില്‍ മോദി വിരോധികളെയും അരക്ഷിതരാക്കിയിരിക്കുന്നു. മോദിയെ സ്ഥാനഭ്രഷ്ടനാക്കാന്‍ പാകിസ്ഥാന്റെ സഹായം തേടിയവരാണല്ലോ രാജ്യത്തെ പല കോണ്‍ഗ്രസ് നേതാക്കളും. മുസ്ലിംവോട്ടു ബാങ്കിന്റെ പിന്തുണയാര്‍ജിക്കാന്‍ പാകിസ്ഥാനെ പിന്തുണയ്ക്കുകയും പുകഴ്ത്തുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കളുണ്ട്. ലാഹോര്‍ ഏഷ്യയുടെ സാംസ്‌കാരിക തലസ്ഥാനമാവുമെന്ന് പ്രഖ്യാപിച്ച ഒരു മലയാള കവിയുമുണ്ടല്ലോ. ഇക്കൂട്ടരെല്ലാം ഇപ്പോള്‍ നിശ്ശബ്ദരാണ്. ഭീകരവാദത്തെ കയറ്റി അയയ്ക്കുന്ന നയം ഉപേക്ഷിക്കുകയും, ഇന്ത്യയോടുള്ള ശത്രുത അവസാനിപ്പിക്കുകയും ചെയ്തുകൊണ്ടല്ലാതെ പാകിസ്ഥാന് രക്ഷപ്പെടാനാവില്ല. സാഹചര്യങ്ങള്‍ പാക് ഭരണാധികാരികളെ അതിന് നിര്‍ബന്ധിക്കുമെന്ന് പ്രത്യാശിക്കാം.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *