പശ്ചിമേഷ്യയെ ആശങ്കയിലാക്കി ഇസ്രായേല്‍-ഫലസ്തീൻ സംഘര്‍ഷം കനക്കുന്നു.
ഗസ്സ: പശ്ചിമേഷ്യയെ ആശങ്കയിലാക്കി ഇസ്രായേല്‍-ഫലസ്തീൻ സംഘര്‍ഷം കനക്കുന്നു. നാലു ഫലസ്തീനികള്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പുതിയ പോര്‍മുഖം തുറന്ന് ഫലസ്തീൻ വിമോചനത്തിനുവേണ്ടി പോരാടുന്ന ഹമാസ് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം കടുപ്പിച്ചത്.
ഓപറേഷൻ അല്‍-അഖ്സ ഫ്ളഡ് ദൗത്യം ആരംഭിച്ചതായി ഹമാസ് പ്രഖ്യാപിക്കുകയായിരുന്നു.
യുദ്ധ പ്രഖ്യാപനവുമായി ഇസ്രായേലും രംഗത്തെത്തി. ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ്സ് ആണ് ആക്രമണത്തിനു നേതൃത്വം കൊടുക്കുന്നത്. ആക്രമണത്തില്‍ ഒരു ഇസ്രായേലി വനിത കൊല്ലപ്പെട്ടു. നിരവധി വാഹനങ്ങളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. സായുധരായ ഫലസ്തീനികള്‍ ഗസ്സയില്‍ നിന്ന് ഇസ്രായേലിലേക്ക് നുഴഞ്ഞുകയറിയതായി ഇസ്രായേലി സൈനിക റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു. തെല്‍ അവീവ് നഗരത്തിലും മധ്യ, തെക്കൻ ഇസ്രായേലിലും മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി. അതിനിടെ, ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഇസ്രയേലി പ്രതിരോധ മന്ത്രി ജോവ് ഗാലന്റ് റിസര്‍വ് സൈനികരെ തിരിച്ചുവിളിക്കാൻ നിര്‍ദേശം നല്‍കിയതായി അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
തങ്ങള്‍ ഈ യുദ്ധത്തിന്റെ ഭാഗമാണെന്ന് ഫലസ്തീൻ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു. തങ്ങളുടെ കേഡര്‍മാര്‍ ഹമാസിലെ സഹോദരങ്ങള്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് വിജയം വരെ നിലകൊള്ളുമെന്നും ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പ് വക്താവ് പറഞ്ഞു. അല്‍-അഖ്‌സയില്‍ നടന്നുകൊണ്ടിരിക്കുന്ന അധിനിവേശത്തിനെതിരെയും ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന ഫലസ്തീൻ തടവുകാര്‍ക്കെതിരെ സ്വീകരിച്ച മനുഷ്യത്വ വിരുദ്ധ നടപടികളോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായുമാണ് ഹമാസ് നീക്കം വിലയിരുത്തപ്പെടുന്നത്.
ഗസ്സയില്‍ നിന്ന് തൊടുത്തുവിട്ട റോക്കറ്റുകള്‍ അഷ്‌കെലോണില്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. ആയുധധാരികളായ ഹമാസ് സൈനികര്‍ ഇസ്രായേലിലെ വാഹനങ്ങളില്‍ നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. അതിനിടെ, ഗസ്സയില്‍ നിന്ന് ഇസ്രായേലിലേക്ക് ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തെ തുടര്‍ന്ന് യുദ്ധം പ്രഖ്യാപിക്കുകയാണെന്ന് ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവി യെ ഉദ്ദരിച്ച് ഇസ്രയേല്‍ പ്രതിരോധസേനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഹമാസ് സംഭവത്തിന്റെ പരിണിത ഫലം അനുഭവിക്കുമെന്നും സേന വൃത്തങ്ങള്‍ അറിയിച്ചു.