ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന് കാട്ടി തിരുവനന്തപുരം ഡിസിസി പ്രസിഡന്റും മുന്‍ എംഎല്‍എയുമായ പാലോട് രവിക്കെതിരെ പോലീസില്‍ പരാതി നല്കി ബിജെപി.
തിരുവനന്തപുരം: ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന് കാട്ടി തിരുവനന്തപുരം ഡിസിസി പ്രസിഡന്റും മുന്‍ എംഎല്‍എയുമായ പാലോട് രവിക്കെതിരെ പോലീസില്‍ പരാതി നല്കി ബിജെപി.
ജില്ലാ വൈസ് പ്രസിഡന്റ് ആർ എസ് രാജീവാണ് കോണ്‍ഗ്രസ് നേതാവിനെതിരെ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ഇന്നലെ പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന കെപിസിസി സമരാഗ്നി യാത്രയുടെ സമാപന സമ്മേളനത്തില്‍ ഡിസിസി പ്രസിഡന്റായ പാലോട് രവി ദേശീയ ഗാനം തെറ്റായി ആലപിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ടി. സിദ്ദിഖ് എംഎല്‍എ ഇടപെട്ടാണ് പാലോട് രവിയെ ദേശീയ ഗാനം ആലപിക്കുന്നതില്‍ നിന്ന് തടഞ്ഞത്.
‘പരിണിത പ്രജ്ഞനും എംഎല്‍എയുമൊക്കെ ആയിരുന്ന ഒരു വ്യക്തിയുടെ ഭാഗത്തു നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത തരത്തില്‍ മൈക്ക് സ്റ്റാന്‍ഡില്‍ താളം പിടിച്ചും, തെറ്റായുമാണ് ദേശീയ ഗാനം ആലപിക്കാന്‍ ആരംഭിച്ചത്. ഇത് ബോധപൂര്‍വമാണെന്നെ കാണുന്നവര്‍ക്ക് മനസിലാക്കാന്‍ സാധിക്കുകയുള്ളു. ആയതില്‍ ഈ വിഷയം അന്വേഷിച്ച് മേല്‍ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു’- ബിജെപി. ജില്ലാ വൈസ് പ്രസിഡന്റ് ആർ എസ് രാജീവിന്റെ പരാതിയില്‍ പറയുന്നു.സമാപന സമ്മേളനം അവസാനിച്ച ശേഷം ദേശീയ ഗാനം ആലപിക്കാനെത്തിയ പാലോട് രവിക്ക് ആദ്യ വരി തന്നെ തെറ്റിപ്പോയി. അബദ്ധം മനസിലായ ഉടന്‍ തന്നെ ടി.സിദ്ദിഖ് എംഎല്‍എ മൈക്ക് പിടിച്ചുവാങ്ങി.’അവിടെ സിഡി ഇട്ടോളും’ എന്ന് പറഞ്ഞ് രവിയെ മൈക്കിന് മുന്നില്‍നിന്നു മാറ്റി. ഒടുവില്‍ വനിതാ നേതാവ് എത്തിയാണ് ദേശീയഗാനം പൂർത്തിയാക്കിയത്.