ന്യൂ ഡെൽഹി: പാൻ ആധാറുമായി ഉടനെ ബന്ധിപ്പിക്കണമെന്ന് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. പാൻ അസാധുവായാൽ ബാങ്ക് ഇടപാടുകൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നാണ് ബാങ്കിന്റെ മുന്നറിയിപ്പ്.
നിലവിൽ പാൻ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയതി 2022 മാർച്ച് 31 ആണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഒടുവിൽ ആറുമാസത്തേയ്ക്കുകൂടി സമയം നീട്ടിനൽകിയത്. എസ്എംഎസ് വഴിയോ ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റ് വഴിയോ പാൻ ആധാറുമായി ലിങ്ക്ചെയ്യാം.
എസ്എംഎസ്
SMS വഴി ലിങ്ക് ചെയ്യുന്നതിന്, UIDPAN(space)<12-അക്ക ആധാർ നമ്പർ>(space)<10-അക്ക PAN>എന്ന് ടൈപ്പ് ചെയ്ത് 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് അയയ്ക്കുക. സന്ദേശം അയച്ചുകഴിഞ്ഞാൽ, പാൻ ആധാറുമായി ലിങ്ക് ചെയ്യും.
പോർട്ടൽ
1.www.incometax.gov.inഎന്ന സൈറ്റ് തുറക്കുക.
2.ഔർ സർവീസസിൽ ക്ലിക്ക് ചെയ്യുക.
3.പാൻ, ആധാർ വിവരങ്ങൾ നൽകുക.
4.മൊബൈൽ നമ്പർ നൽകുക.
5.ആധാർ വിവരങ്ങൾ വാലിഡേറ്റ് ചെയ്യുന്നതിന് ഐ എഗ്രി-യിൽ ക്ലിക്ക് ചെയ്യുക.
6.ലിങ്ക് ആധാറിൽ ക്ലിക്ക് ചെയ്യുക.
ബന്ധിപ്പിച്ചോയെന്ന് പരിശോധിക്കാം
പുതിയ ആദായ നികുതി പോർട്ടൽവഴി പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാം. ലിങ്ക് ആധാർ സ്റ്റാറ്റസ്-ൽ ക്ലിക്ക് ചെയ്യുക. പാൻ, ആധാർ വിവരങ്ങൾ നൽകിയാൽ മതി.
എസ്എംഎസ് വഴിയും പരിശോധിക്കാം. 12 അക്ക ആധാർ നമ്പർ, 10 അക്ക പാൻ നമ്പർ എന്നിവ ടൈപ്പ് ചെയ്യുക. രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽനിന്ന് 567678 അല്ലെങ്കിൽ 56161 നമ്പറിലേക്ക് അയക്കുക. മറുപടി ലഭിക്കും.