പുലര്‍ച്ചെ മുതല്‍ തന്നെ ഭക്തജനങ്ങള്‍ തങ്ങളുടെ പൊന്നാമോനകള്ക്ക് ആദ്യാക്ഷരം കുറിക്കുന്നതിനായി എത്തി തുടങ്ങി. അറിവിന്റെ ലോകത്തേക്ക് ഹരിശ്രീ കുറിച്ച് കുരുന്നുകള്‍ ഇന്ന് കാലെടുത്ത് വെക്കും. തിരൂര്‍ തുഞ്ചന്‍ പറമ്പിലും ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ദേവീ ക്ഷേത്രത്തിലും ആണ് കേരളത്തില്‍ പ്രധാനമായും വിദ്യാരംഭത്തില്‍ വലിയ തിരക്ക് അനുഭവപ്പെടാറുള്ളത്.
ഇത്തവണയും ഇതിന് മാറ്റമില്ല. തുഞ്ചന്‍പറമ്പില്‍ പുലര്‍ച്ചെ 4.30 മുതല്‍ വിദ്യാരംഭം ചടങ്ങുകള്‍ ആരംഭിച്ചു. 50 ഓളം ആചാര്യന്മാര് ആണ് ഇവിടെ കുരുന്നുകള്‍ക്ക് ഹരിശ്രീ കുറിച്ച് നല്‍കുക. കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തില്‍ പുലര്‍ച്ചെ നാല് മണിക്ക് തന്നെ വിദ്യാരംഭ ചടങ്ങുകള്‍ തുടങ്ങി. 35 ആചാര്യന്മാരാണ് കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിക്കാനായി ഇവിടെയുള്ളത്.